നെയ്റോബി: ഖത്തറിൽ നിന്ന് കെനിയയിൽ കുടുംബ സമേതം വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് നൂറു മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം. ഒന്നര, ഏട്ടു വയസുള്ള രണ്ട് പെൺകുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ച മലയാളികൾ. മരിച്ച ആറാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
26 പേർക്ക് പരിക്കേറ്റു. മൂന്നു ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറുമടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 14 മലയാളികൾ. മറ്റുള്ളവർ കർണാടക, ഗോവൻ സ്വദേശികൾ.
വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവയിലെ ഓളോ ജൊറോക്-നകൂറു ഗിച്ചാഖ മേഖലയിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെ മകൾ ജെസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര) , പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ഗീത ഷോജി ഐസക്ക് (58) എന്നിവരാണ് മരിച്ചത്. ജസ്നയുടെ ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർക്കടക്കം പരിക്കേറ്റു. ഇവരെ നെയ്റോബി, അഗാക്കാൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഖത്തറിൽ എയർപോർട്ട് മെയിന്റനൻസ് കമ്പനി ഉദ്യോഗസ്ഥനായ ജോയലിന്റെ ട്രാവൽ കമ്പനിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്. മരിച്ച റിയയും കുടുംബവും ആറ് വർഷമായി ഖത്തറിലാണ്. പുത്തൻപുരയിൽ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് റിയ.ഇരട്ട സഹോദരി: ഷിയ. സഹോദരൻ: റിഷി.
ഖത്തറിൽ കുടുംബസമേതം കഴിയുന്ന മലയാളികളടക്കം ബലി പെരുന്നാൾ അവധിക്കാണ് കെനിയയിലേക്ക് പോയത്. നകൂറുവിൽ നിന്ന് ന്യാഹുരുവിലെ റിസോർട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി ന്യാഹുരുവിലെ റിസോർട്ടിൽ തങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. കെനിയയിലെ വിനോദയാത്ര കഴിഞ്ഞ് ഇന്നലെ തിരികെ ഖത്തറിലേക്കു മടങ്ങാനിരിക്കെയായിരുന്നു അപകടം.
മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നോർക്ക റൂട്ട്സ് വഴി ലോകകേരള സഭാംഗങ്ങൾ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. അപകടവിവരം അറിഞ്ഞയുടൻ കെനിയയിലെ ലോകകേരള സഭ മുൻ അംഗങ്ങളായ ജി.പി.രാജ്മോഹൻ, സജിത് ശങ്കർ എന്നിവരും കേരള അസോസിയേഷൻ ഓഫ് കെനിയയിലെ അംഗങ്ങളും സ്ഥലത്തെത്തി.
നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ഹെൽപ്പ് ഡെസ്ക് നമ്പറുകൾ: 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും ), +918802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്ന്)
ബസ് പലതവണ മലക്കം മറിഞ്ഞു
കനത്ത മഴയിൽ കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമായി. പലതവണ മലക്കം മറിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ, ബസിന്റെ മേൽക്കൂര തെറിച്ചുപോയി. താഴെയുള്ള ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലാണ് ബസ് മറിഞ്ഞുവീണതെന്ന് കെനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |