കൊല്ലം: പൂതക്കുളം പഞ്ചായത്തിലെ കലയ്ക്കോട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ നിലത്തുവീണ കലയ്ക്കോട് സ്വദേശിനിയായ എൺപതുകാരിയുടെ നെറ്റിയിൽ കടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് തെരുവുനായയുടെ അക്രമണം. തിങ്കളാഴ്ച നാലുപേരെ കടിച്ച തെരുവുനായ ചൊവ്വാഴ്ച ആറുപേരെ കൂടി കടിക്കുകയായിരുന്നു. കലയ്ക്കോട് ഗുരുമന്ദിരം, ഊറ്റുകുഴി, യു.പി സ്കൂൾ, സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ നിന്നവരെയാണ് ആക്രമിച്ചത്. ഈ ഭാഗത്തുള്ള മറ്റ് തെരുവ് നായകളെയും ആക്രമിച്ചു. റോഡുവക്കിൽ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയ തെരുവ് നായയെ നാട്ടുകാർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
പ്രദേശത്തെ തെരുവ് നായകൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ ആരംഭിക്കും. കടിയേറ്റവർ അപേക്ഷ നൽകിയാൽ ചികിത്സാ സഹായം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണി അമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |