തൃശൂർ: ഡോക്ടറാണെങ്കിലും സംരംഭകയായി സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം മനസിൽ കിടക്കുമ്പോഴാണ്, വഴിനീളെ പൂത്തുനിൽക്കുന്ന അശോകമരങ്ങൾ ഡോ. കെ.ലക്ഷ്മിയുടെ കണ്ണിൽപ്പെടുന്നത്. മുഖകാന്തിക്കും മുടിയുടെ സംരക്ഷണത്തിനും നിരവധി എണ്ണകളുണ്ടെങ്കിലും പലതും ഫലം കാണുന്നില്ലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അശോകത്തിന്റെ പൂക്കളിൽ ഒരു പരീക്ഷണം നടത്തി. മുഖത്തിന് വർണ്ണമുണ്ടാക്കാൻ കഴിയുന്ന അശോകപുഷ്പവും ഏഴുതരം ആയുർവേദമരുന്നുകളും മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയും ചേർത്ത് 'രുദ്രകാന്തി' എന്ന എണ്ണയുണ്ടാക്കി ബന്ധുക്കൾക്കും കൂട്ടുകാർക്കും നൽകി.
ശരീരത്തിലെ പാടുകൾ മാറുകയും മുഖകാന്തിയുണ്ടാവുകയും ചെയ്തതോടെ ആവശ്യക്കാർ കൂടി. ഓൺലെെനിൽ കണ്ടറിഞ്ഞ് നടി ഷെെനി സാറയും അവരുടെ അഭിപ്രായം കേട്ട് നടി മാലാ പാർവതിയും പരീക്ഷിച്ചു. അതിവേഗമുണ്ടായ ഫലസിദ്ധി മാലാ പാർവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചതോടെ എണ്ണ വെെറലായി. നാലുമാസം മുൻപ് നൂറു മി.ഗ്രാമിന്റെ അഞ്ചു കുപ്പികളിൽ നിന്ന് തുടങ്ങിയതായിരുന്നു. ഇപ്പോൾ ആയിരത്തിലേറെ ഓർഡറുകൾ നൽകാനുണ്ട്. വീടിനോടു ചേർന്ന് ഏഴ് കിലാേഗ്രാമിൽ തുടങ്ങിയ ഉത്പാദനം ഇപ്പോൾ അറുപത് കിലാേഗ്രാമിലെത്തി. കുടുംബാംഗങ്ങളാണ് എണ്ണ തയ്യാറാക്കാൻ സഹായിക്കുന്നത്. ഓർഡറുകൾ കൂടുന്നതിന് അനുസരിച്ച് ഉത്പാദനം കൂട്ടാനാണ് ലക്ഷ്യമിടുന്നത്.
ട്രെൻഡായി ഹെയർ ഓയിലും
കോയമ്പത്തൂർ എ.വി.പി ആയുർവേദ കോളേജിൽ നിന്ന് ബി.എ.എം.എസ് പാസായ ഡോ. ലക്ഷ്മി, ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിന്റെ സംഗമേശ്വര ആയുർവേദ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. നീലമരി ചേർത്തുള്ള ഹെയർ ഓയിലും ട്രെൻഡായിരുന്നു. കോണത്തുകുന്ന് സ്വദേശി കൊച്ചിൻ ദേവസ്വം ബോർഡിലെ റിട്ട. മാനേജർ കാശിവിശ്വനാഥും ഷീലയുമാണ് മാതാപിതാക്കൾ.
പരേതനായ എം.എസ്.മേനോന്റെ കൊച്ചുമകളുമാണ്. ഭർത്താവ് അർജുൻ കോയമ്പത്തൂരിലെ സ്വകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥൻ. ജ്യേഷ്ഠൻ വിഷ്ണുവും ഭാര്യ അമൃതയും സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നുണ്ട്.
വളരെ ശാസ്ത്രീയമായാണ് ഹെയർ ഓയിലും ഫേസ് ഓയിലും തയ്യാറാക്കുന്നത്. അശോകത്തിന്റെ പൂവിന് ഏറെ ഗുണങ്ങളുണ്ടെന്ന് പഠനകാലത്തു തന്നെ തിരിച്ചറിഞ്ഞിരുന്നു.
- ഡോ. ലക്ഷ്മി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |