ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള സർക്കാരിന്റെ ബി.ജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്ന് വീണത്. അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചെന്നാണ് ആദ്യ വിവരം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. 60 പേർക്ക് പരിക്കേറ്റു.
അതുല്ല്യം എന്ന ഹോസ്റ്റലിലെ താഴെ നിലയിലെ ക്യാന്റീനിൽ ബിരുദ, ബിരുദാനന്തര-ബിരുദ വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് വൻ ശബ്‌ദത്തോടെ വിമാനം പതിച്ചത്. എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുൻപ് കെട്ടിടം തകർന്നടിഞ്ഞു. തീയും പുകയും വ്യാപിച്ചു.
ഇരു നില കെട്ടിടത്തിന്റെ മുകളിലെ മുറികളിലുണ്ടായിരുന്നവരാണ് മരിച്ചത്. താഴെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളിൽ പലരും ഓടി രക്ഷപ്പെട്ടു. ഹോസ്റ്റൽ ക്യാന്റീനിലെ മേശകളിൽ ഭക്ഷണാവശിഷ്‌ടമുള്ള പാത്രങ്ങളും ഗ്ലാസുകളും ചിതറിക്കിടക്കുന്ന ദൃശ്യം പുറത്തുവന്നു.
പതിച്ചത് വാൽ ഭാഗം
പൈലറ്റ് വിമാനം ഉയർത്താൻ ശ്രമിച്ചതിനാൽ വാൽ ഭാഗമാണ് കെട്ടിടത്തിലിടിച്ച് തകർന്നത്. മേൽക്കൂര തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. വിമാനത്തിന്റെ മറ്റു ഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ വേർപെട്ടു. അവ പതിച്ച സമീപത്തെ മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. തീയിൽ മരങ്ങളും കരിഞ്ഞു. സമീപത്ത് പാർക്കു ചെയ്‌ത വാഹനങ്ങൾക്കും കേടുപറ്റി. മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെയും ജീവനക്കാരുടെ ക്വാർട്ടേഴ്സുകളും ഇവിടെയാണ്. അതേസമയം ഹോസ്റ്റലിന്റെ രണ്ടാം നിലയിലായിരുന്ന തന്റെ മകൻ ചാടി രക്ഷപ്പെട്ടെന്ന് റമീല എന്ന യുവതി വെളിപ്പെടുത്തി. മകൻ ഉച്ചഭക്ഷണം കഴിക്കാൻ ഹോസ്റ്റലിലെത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. ചെറിയ പരിക്കുണ്ടെങ്കിലും മകൻ സുരക്ഷിതനാണെന്നും അവനുമായി സംസാരിച്ചെന്നും റമീല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |