ന്യൂഡൽഹി: അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ വിമാനം പറന്നുയർന്ന ഉടൻ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിലേക്ക് പൈലറ്റിന്റെ 'മേയ് ഡെ കാൾ" എത്തിയിരുന്നു. വിമാനം ഉയർത്താനാവശ്യമായ തള്ളൽ ലഭിക്കുന്നില്ലെന്ന വിവരമാണ് പൈലറ്റ് നൽകിയത്. എന്നാലതിന് ശേഷം കുറച്ചു നേരം നിശബ്ദതയായിരുന്നു. പിന്നാലെ വിമാനം നിയന്ത്രണം വിട്ട് കെട്ടിടത്തിന് മുകളിൽ വീണു.
അപകട സാഹചര്യത്തിൽ പൈലറ്റുമാർ നൽകുന്ന സന്ദേശമാണിത് മേയ് ഡേ കാൾ. ' എന്നെ സഹായിക്കൂ" എന്നർത്ഥം വരുന്ന മെയ്ഡർ (m'aider) എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് മേയ് ഡെ എന്ന വാക്കുണ്ടായത്. എൻജിൻ തകരാർ, രൂക്ഷമായ കാലാവസ്ഥാ സാഹചര്യം, ഘടനാപരമായ തകരാറുകൾ, വിമാനത്തിൽ യാത്രക്കാർക്ക് നേരിടുന്ന അടിയന്തര മെഡിക്കൽ സാഹചര്യം തുടങ്ങിയ ഘട്ടങ്ങളിൽ പൈലറ്റ് നൽകുന്ന റേഡിയോ സന്ദേശമാണിത്.
അടുത്തുള്ള വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ (എ.ടി.സി) അല്ലെങ്കിൽ തൊട്ടടുത്തുകൂടെ കടന്നു പോകുന്ന മറ്റൊരു വിമാനത്തിനോ ആകും സന്ദേശം നൽകുക. 'മേയ് ഡെ" എന്ന് മൂന്നുതവണ ആവർത്തിച്ചാൽ അതു ലഭിക്കുന്ന ആൾ അപകടം മനസിലാക്കണം.
മേയ്ഡെ കാൾ ലഭിച്ചാൽ എ.ടി.സി ആ വിമാനത്തിന് അടിയന്തര ലാൻഡിംഗിന് അവസരമൊരുക്കും. രക്ഷാപ്രവർത്തനത്തിനുള്ള ഏർപ്പാടുമൊരുക്കും. ഇന്നലെ അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് പിന്നീട് സന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിന് പുറത്താണ് വിമാനം പതിച്ചത്. അതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |