എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ കഴിഞ്ഞദിവസം ഇന്ത്യൻ ടീം ഹോംഗ്കോംഗിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതിന് പിന്നാലെ പരിശീലകനായ മനോളോ മാർക്വേസ് പരിശീലക സ്ഥാനെമാഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബാൾ ലോകത്ത് വലിയ ചർച്ചയാകുന്നത്. തുടർ പരാജയങ്ങളുടെ പേരിലാണ് 2024 ജൂലായ്‌യിൽ ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചിന് പകരം ഐ ലീഗിൽ എഫ്.സി ഗോവയുടെ കോച്ചായിരുന്ന മനോളോയെ ഇന്ത്യൻ കോച്ചും കൂടിയാക്കിയത്. ഐ.എസ്.എൽ സീസൺ കഴിയും വരെ ക്ളബിന്റെയും ദേശീയ ടീമിന്റേയും ചുമതലകൾ ഒരുമിച്ച് നിർവഹിച്ച മനോളോ അതിന് ശേഷം ദേശീയ ടീമിന്റെ മാത്രം കോച്ചായി. എന്നാൽ സ്റ്റിമാച്ചിന്റെ കാലത്തെക്കാളും മോശം പ്രകടനമാണ് ഇപ്പോൾ ടീമിന്റേത്. ഇതോടെയാണ് മനോളോയുടെ മനസും മടുത്തത്. എന്നാൽ മനോളോ മാറിയതുകൊണ്ടുമാത്രം ഇന്ത്യൻ ടീമിന്റെ ദുർവിധി മാറുമോ എന്നാണ് ഫുട്ബാൾ വിദഗ്ധർ ചോദിക്കുന്നത്.
ഇഗോർ സ്റ്റിമാച്ചിന് കീഴിൽ 2023 ജൂലായിൽ ഇന്ത്യ ഫിഫ റാങ്കിംഗിൽ 99-ാം സ്ഥാനത്തെത്തിയിരുന്നു. ഇന്റർ കോണ്ടിനെന്റൽ കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ്, സാഫ് ചാമ്പ്യൻഷിപ്പ് എന്നിവ നേടാനായി.എന്നാൽ 2024 കലണ്ടർ വർഷം ഇന്ത്യയ്ക്ക് ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ജൂണിൽ സുനിൽ ഛെത്രി വിരമിക്കുകകൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ കടുപ്പമായി. പിന്നെയും തോൽവികൾ തുടർന്നതോടെ സ്റ്റിമാച്ചിനെ കരാർ പൂർത്തിയാകും മുന്നേ പറഞ്ഞുവിട്ടു. മനോളയെത്തിയപ്പോൾ സുനിൽ ഛെത്രിയെ തന്റെ തീരുമാനം പിൻവലിപ്പിച്ച് കളത്തിൽ തിരിച്ചെത്തിച്ചു. ഛെത്രി മടങ്ങിയെത്തിയ മത്സരത്തിൽ മാലദ്വീപിനെതിരേ 3-0ന് വിജയിച്ചതാണ് സമീപകാലത്തെ ഇന്ത്യൻ ടീമിന്റെ ഏക വിജയം. 489 ദിവസങ്ങൾക്കിടെ ഇന്ത്യ നേടിയ ഏക ജയമായിരുന്നു അത്.
എന്നാൽ പിന്നീടങ്ങോട്ട് ഛെത്രിക്കും ഇഫക്ടുണ്ടാക്കാനായില്ല. പിന്നീട് നടന്ന മൂന്നുമത്സരങ്ങളിൽ ഒരു ഗോൾപോലും നേടാനായില്ല. ബംഗ്ലാദേശ്, തായ്‌ലാൻഡ്, ഹോംഗ് കോംഗ് ടീമുകൾക്കെതിരെ ജയിക്കാവുന്ന മത്സരങ്ങൾ തോൽക്കുകയോ സമനിലയിലാവുകയോ ചെയ്തപ്പോൾ മനോളോയ്ക്കെതിരെ വൻ വിമർശനങ്ങളുയർന്നു. ഹോംഗ് കോംഗിനെതിരായ മത്സരത്തിന്റെ ആദ്യ ഇവലനിൽ നിന്ന് ഛെത്രിയെ ഒഴിവാക്കി. രണ്ടാം പകുതിയിൽ ഇറക്കിയിട്ടും ഫലമുണ്ടായില്ല.
ടീം മോശം പ്രകടനം നടത്തുമ്പോൾ കോച്ചിനെ മാറ്റുകയല്ല, ടീമിലേക്ക് മികച്ച താരങ്ങളെ കണ്ടെത്തുകയാണ് വേണ്ടതെന്നാണ് ഫുട്ബാൾ വിദഗ്ധർ പറയുന്നത്. മനോളോയെ മാറ്റി പുതിയ കോച്ചിനെ എത്തിച്ചാലും ഫലം ഇതുതന്നെയാണെങ്കിൽ എന്തുഗുണമെന്ന ചോദ്യമുയരുന്നുണ്ട്. അതേസമയം ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് കല്യാൺ ചൗബേ ഒഴിയണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം ബെയ്ചുംഗ് ബൂട്ടിയ രംഗത്തുണ്ട്.
മനോളോ മാർക്വേസ് : എട്ടു കളി, ഒറ്റജയം
2020-ലാണ് സ്പെയ്ൻകാരനായ മനോളോ ഇന്ത്യയിൽ പരിശീലകനായി എത്തുന്നത്.
2020 മുതൽ 2023 വരെ മൂന്നുവർഷക്കാലം ഹൈദരാബാദ് എഫ്.സി.യുടെ പരിശീലകനായി. ഇക്കാലയളവിൽഹൈദരാബാദ് ടീമിലെ നിരവധി താരങ്ങൾ ഇന്ത്യൻ ടീമിലെത്തി.
2021-22 സീസണിൽ ഹൈദരാബാദിനെ ഐ.എസ്.എൽ. ചാമ്പ്യന്മാരാക്കി. പിന്നീട് ഗോവ എഫ്.സി.യുടെ പരിശീലകനായി.
2024 ജൂലായിലാണ് സ്റ്റിമാച്ചിന് പകരം ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നത്. എട്ടുമത്സരങ്ങളിൽ മനോളോയ്ക്ക് കീഴിലിറങ്ങിയ ഇന്ത്യ ജയിച്ചത് ഒറ്റ മത്സരത്തിൽ മാത്രം. മൂന്ന് തോൽവികളും നാലുസമനിലകളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |