ഇന്ത്യ Vs ഇന്ത്യ എ സന്നാഹ മത്സരം ഇന്നുമുതൽ
ലണ്ടൻ : ഇംഗ്ളണ്ട് പര്യടനത്തിനെത്തിയ സീനിയർ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നുമുതൽ നാലുദിവസം ഇന്ത്യ എ ടീമുമായി സന്നാഹ ചതുർദിന മത്സരം കളിക്കുന്നു. ഈമാസം ആദ്യത്തോടെ ഇംഗ്ളണ്ടിലെത്തിയ ഇന്ത്യ എ ടീം ഇതിനുമുമ്പ് ഇംഗ്ളണ്ട് ലയൺസ് ടീമുമായി രണ്ട് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങൾ കളിച്ചിരുന്നു. ഇതുരണ്ടും സമനിലയിലാണ് പിരിഞ്ഞതെങ്കിലും ഇന്ത്യൻ താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നു. റെഡ് ബാൾ ഫോർമാറ്റിൽ ശുഭ്മാൻ ഗിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ മത്സരമാണിത്.
ഈ മാസം 20നാണ് ഇംഗ്ളണ്ടുമായുള്ള അഞ്ചുമത്സരപരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആ മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിംഗ്,ബൗളിംഗ് ലൈനപ്പുകളും പ്ളേയിംഗ് ഇലവനും നിശ്ചയിക്കാൻ കോച്ച് ഗൗതം ഗംഭീറിനുള്ള അവസരമാണിത്. ടെസ്റ്റ് സ്ക്വാഡിലുള്ള കരുൺ നായർ എ ടീമിന് വേണ്ടി ആദ്യ അനൗദ്യോഗിക ടെസ്റ്റുമുതൽ കളിക്കാനിറങ്ങിയിരുന്നു. കരുൺ ആദ്യ മത്സരത്തിൽ സെഞ്ച്വറിയും രണ്ടാം മത്സരത്തിൽ 40 റൺസും നേടിയിരുന്നു. ടെസ്റ്റ് ടീമിലെ മറ്റൊരു താരമായ കെ.എൽ രാഹുൽ രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടി.
ലീഡ്സിൽ നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള പ്ളേയിംഗ് ഇലവനെയാകും ഗംഭീർ ഇന്ന് ഇന്ത്യ ടീമിന് വേണ്ടി വിന്യസിക്കുകയെന്നാണ് സൂചന. സീനിയർ ടീമിലെ മറ്റ് താരങ്ങൾക്ക് എ ടീമിലും അവസരം നൽകും. രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും വിരമിച്ചശേഷം ഓപ്പണിംഗിലും വിരാടിന്റെ നാലാം നമ്പർ പൊസിഷനിലും ആരൊക്കെ എത്തും എന്നതിനെച്ചൊല്ലിയാണ് ചർച്ചകൾ. യശസ്വി ജയ്സ്വാളും ഗില്ലും ചേർന്ന് ഓപ്പണിംഗിന് ഇറങ്ങാനാണ് സാദ്ധ്യത. കെ.എൽ രാഹുൽ ഫസ്റ്റ് ഡൗണായും കരുൺ നാലാം നമ്പരിലും ഇറങ്ങിയേക്കും. പ്രസിദ്ധ് കൃഷ്ണ,ആകാശ്ദീപ്, ശാർദൂൽ താക്കൂർ തുടങ്ങിയ ബൗളർമാരിൽ ടെസ്റ്റ് ഇലവനിൽ ജസ്പ്രീത് ബുംറയ്ക്ക് ആരാകും പങ്കാളിയെന്ന് ഈ മത്സരം കഴിയുമ്പോൾ മനസിലാകും.
പര്യടന ഫിക്സ്ചർ
ജൂൺ 13-16
സന്നാഹ മത്സരം -ബക്കിംഗ്ഹാം
ഇന്ത്യ Vs ഇന്ത്യ എ
ജൂൺ 20-24
ആദ്യ ടെസ്റ്റ് - ലീഡ്സ്
ജൂലായ് 2-6
രണ്ടാം ടെസ്റ്റ് -ബർമിംഗ്ഹാം
ജൂലായ് 10-14
മൂന്നാം ടെസ്റ്റ് -ലോഡ്സ്
ജൂലായ് 23-27
നാലാം ടെസ്റ്റ് -മാഞ്ചസ്റ്റർ
ജൂലായ് 31 -ആഗസ്റ്റ് 4
അഞ്ചാം ടെസ്റ്റ് -ഓവൽ.
ടീം ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), പന്ത് ( വൈസ് ക്യാപ്ടൻ), രാഹുൽ, ജയ്സ്വാൾ, സായ് സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ,നിതീഷ്കുമാർ , ജഡേജ,ധ്രുവ് ജുറേൽ,വാഷിംഗ്ടൺ സുന്ദർ,ശാർദ്ദൂൽ , ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ,അകാശ്ദീപ്,അർഷ്ദീപ്,കുൽദീപ് യാദവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |