കോട്ടയം : ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം ആസൂത്രണം ചെയ്ത ക്രിമിനൽ സംഘം അറസ്റ്റിൽ. മാന്തുരുത്തി ആഴാംച്ചിറ അഖിൽ (25), ചമ്പക്കര കല്ലിങ്കൽ അഭയദേവ് (26), സംക്രാന്തി കണ്ണച്ചാലിൽ ബിന്റോ (26), പെരുമ്പായിക്കാട് വട്ടമുകൾ കെനസ് (20) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 7 ന് മാന്തുരുത്തിയിൽ കാപ്പ പ്രതികൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് കറുകച്ചാൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് 11 ന് കേസിലെ മൂന്നാം പ്രതി താമസിക്കുന്ന നെടുംകുന്നം മാന്തുരുത്തി ആഴാഞ്ചിറയിലെ വീട്ടിൽ പൊലീസെത്തിയത്. വിവിധ കേസുകളിൽ പ്രതികളായ നാലുപേർ ഇവിടെയുണ്ടായിരന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്. രണ്ട് പ്രതികൾക്കെതിരെ ഭവനഭേദനം, മോഷണം എന്നിവയ്‌ക്ക് കറുകച്ചാൽ സ്റ്റേഷനിൽ കേസുണ്ടായിരുന്നു. കൂടുതൽ അന്വേഷണത്തിലാണ് സംഘം ചേർന്ന് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്നതായി മനസിലായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കറുകച്ചാൽ എസ്.എച്ച്.ഒ പ്രശോഭ്, എസ്.ഐ വിജയകുമാർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |