വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ പുലിയിറങ്ങി ഭീതി പരത്തിയ സാഹചര്യം മുൻനിറുത്തി വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.ഇന്നലെയും പൊന്മുടി മേഖല മുഴുവൻ പരിശോധന നടത്തി.പൊന്മുടി സ്കൂൾ,പൊലീസ് സ്റ്റേഷൻ, മെർക്കിസ്റ്റൺ എസ്റ്റേറ്റ്,അപ്പർസാനിറ്റോറിയം മേഖലകളിലാണ് പരിശോധനകൾ ഊർജ്ജിതമാക്കിയത്. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനായിട്ടില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. എന്നാലും വനമേഖലയായതിനാൽ പുലി ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ വളരെ പെട്ടെന്ന് പൊന്മുടിയിലിറങ്ങാൻ സാദ്ധ്യതയുണ്ട്.
സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും, ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ഡി.എഫ്.ഒ ഷാനവാസ് അറിയിച്ചു.
പൊന്മുടി അടച്ചേക്കും
പൊന്മുടി മേഖലയിൽ മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. പൊന്മുടിക്ക് പുറമെ ബോണക്കാട്,കല്ലാർ,പേപ്പാറ വന മേഖലകളിലും മഴ കോരിച്ചൊരിയുകയാണ്.നദികളിലേക്ക് മലവെള്ളപ്പാച്ചിലുമുണ്ട്.മഴയത്തും,കാറ്റത്തും മരങ്ങൾ വീണ് പൊന്മുടി കല്ലാർ റൂട്ടിൽ ഗതാഗതതടസവും നേരിടുന്നുണ്ട്. മാത്രമല്ല മഴയത്ത് അടിക്കടി വൈദ്യുതി വിതരണവും നിലക്കുന്നുണ്ട് ,മഴ ഇനിയും കനത്താൽ ദുരന്തനിവാരണ അതോറിട്ടി പൊന്മുടി വീണ്ടും അടച്ചിടാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |