പൂവാർ: അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം, ട്രോളിംഗ് നിരോധനം, കടലിൽ താഴ്ന്ന കപ്പലിലെ വിഷദ്രാവകങ്ങളുടെ വ്യാപനം തുടങ്ങിയവ കാരണം കടലിൽ പോകാൻ കഴിയാതായതോടെ തീരദേശവാസികൾ ദുരിതത്തിലായി. ആഴ്ചകൾക്ക് മുന്നേ ആരംഭിച്ച കാറ്റും മഴയും കടൽക്ഷോഭവും കാരണം കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ വന്നുതുടങ്ങിയ നാൾമുതൽ മത്സ്യത്തൊഴിലാളികൾ മാത്രമല്ല അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലാണ്. കഴിഞ്ഞ 9 മുതൽ ആരംഭിച്ച ട്രോളിംഗ് നിരോധനം ജൂലായ് 31വരെ തുടരും. മാറിയ സാഹചര്യത്തിൽ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും പണിയെടുക്കുന്നത് യന്ത്രവത്കൃത ബോട്ടുകളിലാണ്. വളരെ കുറച്ച് തൊഴിലാളികൾ മാത്രമാണ് പരമ്പരാഗത മത്സ്യബന്ധനം ഇന്നും തുടരുന്നത്. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതും കാത്തിരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് തൊഴിലാളികൾ പറയുന്നു.പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശവാസികൾ ദുരിതത്തിലാണ്.
ആശങ്കയോടെ
കത്തിയ കപ്പലിലുള്ള 134 കണ്ടെയ്‌നറുകളിൽ അതീവ ഗുരുതര രാസവസ്തുക്കളുണ്ട്. ചൂടേറ്റാൽ അവ കത്തിപ്പടരാം. മാരകവിഷം കടലിൽ കലർന്നുവെന്ന പ്രചരണം വ്യാപിച്ചതോടെ കടൽവിഭവങ്ങൾ ഗ്രാമങ്ങളിൽ പോലും തിരസ്കരിക്കപ്പെടുകയാണ്. ഈ ദുരിതകാലം കടന്നുപോകാൻ എന്തൊക്കെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുമെന്നും ഏതെല്ലാം ബാദ്ധ്യതകളിൽ കുടുങ്ങുമെന്നും നിശ്ചയമില്ലാതെ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.
നടപടികളില്ല
തീരദേശവാസികൾ തീരാദുരിതത്തിൽ അകപ്പെട്ടിട്ടും ഇതിനെ അതിജീവിക്കാൻ സർക്കാർ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം. ഈ സാഹചര്യത്തെ അതിജീവിക്കാൻ തൊഴിലാളികൾക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നാളിതുവരെ ഇതിന് പരിഹാരം കണ്ടെത്താൻ അധികൃതർ തയാറാകുന്നില്ല.
ആവശ്യങ്ങൾ
പ്രകൃതിക്ഷോഭത്താൽ തകർന്ന മത്സ്യബന്ധന ഉപകരണങ്ങൾക്കും യാനങ്ങൾക്കും പകരം നൽകാൻ നടപടി സ്വീകരിക്കണം
പലിശരഹിത വായ്പകൾ ഉറപ്പാക്കണം
അടിയന്തര സേവനത്തിനായി സുരക്ഷാസേനയെ വിന്യസിക്കണം
തീരസംരക്ഷണം ഉറപ്പുവരുത്തണം
സഹായം ലഭ്യമാക്കണം
ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തും പലരും ഇപ്പോൾത്തന്നെ കടത്തിൽ മുങ്ങിക്കഴിഞ്ഞു. വട്ടിപ്പലിശക്കാരിൽ നിന്ന് കടമെടുത്തവരും കുറവല്ല. ബ്ലേഡ് മാഫിയകളെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്തവരും കൂട്ടത്തിലുണ്ട്. അനുബന്ധ മേഖലയിൽ പണിയെടുത്തിരുന്ന സ്ത്രീ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു. പല കുടുംബങ്ങളുമിപ്പോൾ പട്ടിണിയുടെ വക്കിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |