തൃശൂർ: മെഡിക്കൽ കോളേജിലെ ഹൃദയം തുറന്ന ശസ്ത്രക്രിയ വിഭാഗത്തിൽ കാര്യക്ഷമതയുള്ള ടെക്നീഷ്യൻമാരില്ലെന്ന് വകുപ്പ് മേധാവിയുടെ റിപ്പോർട്ട്. ഇതോടെ ആഴ്ച്ചയിൽ രണ്ട് പേർക്ക് വീതം ശസ്ത്രക്രിയ നടത്തുന്ന വിഭാഗം പ്രതിസന്ധിയിൽ. നിലവിലെ ടെക്നീഷ്യൻമാർക്ക് ആവശ്യമായ കാര്യക്ഷമതയില്ലെന്ന് കാണിച്ചാണ് വകുപ്പ് മേധാവി പ്രിൻസിപ്പലിന് കത്തു നൽകിയത്. മൂന്നു ടെക്നീഷ്യൻമാരാണ് ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ പി.എസ്.സി വഴിയും ഒരാൾ എച്ച്.ഡി.എസ് വഴിയും നിയമിച്ചതാണ്. മറ്റൊരാൾ താത്കാലിക ജീവനക്കാരനുമാണ്. പി.എസ്.സി വഴി നിയമിതരായവർ അടുത്തിടെ ദീർഘകാല അവധിയെടുത്ത് വിദേശത്തേക്ക് പോയി. പകരം പി.എസ്.സി വഴി തന്നെ നിയമിച്ച ടെക്നീഷ്യന് പരിചയസമ്പത്ത് കുറവാണെന്ന് പറയുന്നു. ഹൃദയം തുറന്ന ശസ്ത്രക്രിയ നടക്കുമ്പോൾ ഉപയോഗിക്കേണ്ട മെഷീനുകൾ വളരെ വിദഗ്ധമായ രീതിയിൽ കൈമാറേണ്ടതുണ്ട്. എല്ലാ തിങ്കളാഴ്ച്ചയുമാണ് ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ അടുത്ത തിങ്കളാഴ്ച്ച നിശ്ചയിച്ചിരിക്കുന്ന ശസ്ത്രക്രിയ നടത്താൻ സാധിക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്നതാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ. നാലു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ സ്വകാര്യ ആശുപത്രിയിൽ ചെലവ് വരും. അതേ സമയം ടെക്നീഷ്യമാരുടെ പ്രശ്നമല്ല പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്.
ഒരു ഡോക്ടർ മാത്രം
ഹൃദയം തുറന്ന ശസ്ത്രക്രിയ വിഭാഗത്തിൽ ആകെയുള്ളത് ഒരു ഡോക്ടർമാത്രം. മൂന്നു ജില്ലകളിൽ നിന്ന് ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജിലാണ് ഒരു ഡോക്ടറെ മാത്രം നിയമിച്ചിരിക്കുന്നത്. കാർഡിയോളജി ഒ.പിയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ മാത്രം ആയിരത്തോളം പേർ ചികിത്സ തേടിയെത്തുന്നുണ്ട്. നിരവധി ചികിത്സാ സൗകര്യങ്ങളുണ്ടായിട്ടും വൈകിട്ട് മൂന്നിന് ശേഷം ആൻജിയോഗ്രാം ചെയ്യണമെങ്കിൽ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലെ ടെക്നീഷ്യൻമാർക്ക് ആവശ്യമായ കാര്യക്ഷമതയില്ലെന്ന് കാണിച്ച് കത്ത് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
(ഡോ.അശോകൻ, പ്രിൻസിപ്പൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |