എൺപതുകളുടെ പശ്ചാത്തലത്തിൽ ബ്രേക് ഡാൻസ് 'പ്രധാന കഥാപാത്രമായി"എത്തിയ മൂൺവാക്ക് ശ്രദ്ധ നേടുമ്പോൾ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയ കഥാപാത്രമായി സിബി കുട്ടപ്പൻ അവതരിപ്പിച്ച സുര . അഭിനയ അരങ്ങേറ്റം ബിഗ്സ്ക്രീനിൽ കണ്ടപ്പോൾ അദ്ഭുതപ്പെട്ടവരുടെ കൂട്ടത്തിൽ സിബിയുമുണ്ട്. സിനിമാ യാത്രയിലെ ആദ്യ ചുവടുതന്നെ മനോഹരമായി എന്ന ആത്മവിശ്വാസത്തിൽ സിബി.
മുടി വളർത്തിയതിനു
പരിഹാസം
ആദ്യം കരോക്കെ ഗാനമേള പാടാൻ പോയി . യാദൃശ്ചികമായാണ് ഡാൻസിൽ എത്തുന്നത്. മൈക്കൽ ജാക്സനോട് സാമ്യമുണ്ടെന്ന് സുഹൃത്ത് പറഞ്ഞു. ആ സമയത്ത് അതാരാണെന്ന് പോലും അറിയില്ലായിരുന്നു. പിന്നീടാണ് ജാക്സന്റെ സ്റ്റെപ്പുകൾ അനുകരിച്ചു തുടങ്ങിയത്. യുട്യൂബൊന്നും സജീവമല്ലാത്തതിനാൽ സി.ഡി ഡിസ്ക് വാങ്ങി പലതവണ ടെലിവിഷനിൽ കണ്ടാണ് ഡാൻസ് പഠിച്ചത്. മുടി നീട്ടി വളർത്തിയതിനും ഡാൻസ് കളിക്കുന്നതിനും എല്ലാം അന്ന് പരിഹാസങ്ങൾ കേട്ടു. അതിനുകാരണം ഡാൻസിന് ഇപ്പോൾ ലഭിക്കുന്ന പ്രാധാന്യം അന്ന് ഇല്ലാത്തതുതന്നെ. പിന്നീട് സ്റ്റേജ് ഷോയിൽ മൈക്കൽ ജാക്സനെ അനുകരിച്ചു തുടങ്ങി. ഇതിനൊപ്പം പാട്ടും പാടി. പാട്ടും ഡാൻസും ഒന്നിച്ച് ചെയ്യുന്നവർ കുറവായതിനാൽ വേദികളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടതോടെ സിബി ജാക്സൺ എന്ന പേരും നേടിത്തന്നു. ഇത് റിയാലിറ്റി ഷോയിലേക്ക് അവസരം തന്നു. ഇതു കണ്ടാണ് സംവിധായകൻ വിനോദ് എ.കെ മൂൺവാക്കിലേക്ക് വിളിക്കുന്നത്. സിനിമയിൽ എത്തണമെന്നും അഭിനയിക്കണമെന്നും ഒരിക്കൽ പോലും ആഗ്രഹിച്ചില്ല. മൂവായിരം പേരെ ഓഡിഷൻ നടത്തിയാണ് സിനിമയിലെ മറ്റു താരങ്ങളെ തിരഞ്ഞെടുത്തത്. എന്നാൽ ഓഡിഷനില്ലാതെ എന്നെ പരിഗണിച്ചത് ഭാഗ്യമായി കരുതുന്നു.
ഞാൻ തന്നെ സുര
അച്ഛന്റെ മരണശേഷം ജീവിതത്തിൽ പല ഘട്ടത്തിലും വെല്ലുവിളി നേരിട്ടാണ് മുന്നേറിയത്. കുടുംബമാണ് എപ്പോഴും താങ്ങായി നിന്നത്. പത്താംക്ലാസ് കഴിഞ്ഞു പല ജോലികൾ ചെയ്തു. സ്റ്റേജ് ഷോയിൽ നിറഞ്ഞു നിന്ന സമയത്താണ് പ്രതീക്ഷകൾ നഷ്ടപ്പെടുത്തി കൊവിഡിന്റെ വരവ്. ഇതോടെ കലാ രംഗം ഉപേക്ഷിച്ച് വാച്ചു കടയിൽ ജോലിക്ക് കയറി. ഇതിനുശേഷമാണ് മൂൺവാക്കിന്റെ ചിത്രീകരണം . സുര എല്ലാ അർത്ഥത്തിലും ജീവിതവുമായി ചേർന്ന് നിൽക്കുന്ന കഥാപാത്രമായി തോന്നി. എന്നാൽ ഡാൻസല്ലാതെ അഭിനയം ഒട്ടും വശമില്ല . അതുകൊണ്ട് തന്നെ അഭിനയവും എൺപതുകളിലെ ബ്രേക് ഡാൻസും പഠിക്കാൻ മൂന്നുമാസത്തെ പരിശീലനം വേണ്ടിവന്നു. കഥാപാത്രത്തിന് നൽകിയ കഠിനാദ്ധ്വാനം ആണ് ഇപ്പോൾ കിട്ടുന്ന അംഗീകാരമെന്ന് വിശ്വസിക്കുന്നു. കലാഭവൻ മണിച്ചേട്ടന്റെ സ്വന്തം ചാലക്കുടി ആണ് എന്റെയും നാട്. അമ്മ എൽസി. ഹോം നഴ്സാണ് . സഹോദരൻ ബിനു. വിദേശത്ത് ജോലി ചെയ്യുന്നു. സഹോദരി സിമി. വിദേശത്ത് പോകാൻ ഒരുങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |