കോന്നി : തെങ്ങിനും ഉയരത്തിലേക്ക് വെളിച്ചെണ്ണ വില കുതിക്കുകയാണ്. തേങ്ങയുടെയും കൊപ്രയുടെയും വർദ്ധിക്കുന്ന വിലയിൽ പകച്ചുനിൽക്കുന്ന വെളിച്ചെണ്ണ വിപണിയിൽ വ്യാജൻമാരും ഏറെയുണ്ട്. ദിവസംതോറുമുള്ള വർദ്ധന ചെറുകിട വെളിച്ചെണ്ണ മില്ലുകളെ പ്രതിസന്ധിയിലാക്കുന്നു. വെളിച്ചെണ്ണ വില ലിറ്ററിന് 350 രൂപയാണ്. ഒരുവർഷംകൊണ്ട് കൂടിയത് ഇരട്ടിയോളം രൂപ. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 68 രൂപയും കൊപ്രവില ക്വിന്റലിന് 21,000 രൂപയും കടന്നതോടെ വെളിച്ചെണ്ണ ഉത്പാദന ചെലവേറി. അതേസമയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ നാളികേര ഉൽപാദനം കുറഞ്ഞതും തിരിച്ചടിയായി. കാട്ടാനകൾ, കുരങ്ങുകൾ, മലയണ്ണാൻ എന്നിവ നാളികേര കർഷകർക്ക് ഭീഷണിയാണ്.
നീര ഉത്പാദനം ലക്ഷ്യമാക്കി രൂപവത്കരിച്ച നാളികേര ഉത്പാദകക്കമ്പനികളിൽ ചിലത് ഇപ്പോൾ പിടിച്ചുനിൽക്കുന്നത് വെളിച്ചെണ്ണ വിൽപ്പനയിലൂടെയാണ്. കൂടാതെ സഹകരണസ്ഥാപനങ്ങളും വെളിച്ചെണ്ണമില്ലുകൾ നടത്തുന്നുണ്ട്. ഇവയെല്ലാം കടുത്തപ്രതിസന്ധിയാണ് നേരിടുന്നത്.
ഉത്പാദന ചെലവേറി
ഇപ്പോഴത്തെ തേങ്ങാവില അനുസരിച്ച് ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 345 രൂപ ഉത്പാദനച്ചെലവ് വരും. വിപണിയിലെത്തണമെങ്കിൽ വില വീണ്ടും കൂടും. വലിയതോതിലുള്ള ഉത്പാദനവും ഇപ്പോൾ സാദ്ധ്യമാകുന്നില്ല. വില കുറയുമോ എന്ന ആശങ്കകാരണം പല മില്ലുകളും കുറച്ച് തേങ്ങമാത്രമാണ് ഉത്പാദനം നടത്തുന്നത്. സംസ്ഥാനത്തെ മൊത്തം വെളിച്ചെണ്ണ ഉൽപാദനത്തിനും കുറവ് വന്നിട്ടുണ്ട്.
വ്യാജൻമാർ സജീവം
വിലകുറഞ്ഞ വെളിച്ചെണ്ണ ഏതാണെന്നാണ് ഇപ്പോൾ പലരും അന്വേഷിക്കുന്നത്. വിപണിയിലെ വിലക്കറുവിന് പിന്നിൽ വ്യാജമാരുടെ സാന്നിദ്ധ്യവുമുണ്ട്. വ്യാജവെളിച്ചെണ്ണ വിപണി കീഴടക്കുന്നതായി ചൂണ്ടിക്കാണിച്ച് അടുത്തിടെ കേരഫെഡ് രംഗത്തെത്തിയിരുന്നു. പാം കെർണൽ ഓയിലും മറ്റ് വിലകുറഞ്ഞ എണ്ണ ചേർത്തതുമായ വെളിച്ചെണ്ണയാണ് വ്യാജനിൽ മുമ്പൻ. ശ്രീലങ്കയിൽ നിന്ന് മറ്റും ഇറക്കുമതി ചെയ്യുന്ന തേങ്ങാപ്പിണ്ണാക്ക് ഉപയോഗിച്ച് വീണ്ടും ആട്ടിയെടുക്കുന്ന എണ്ണ ചേർത്തുവരുന്ന വെളിച്ചെണ്ണയുമുണ്ട്. പെട്രോളിയം ഉൽപ്പന്നമായ പാരഫിൻ ഓയിലാണ് വെളിച്ചെണ്ണ വിപണിയിലെ മറ്റൊരു വ്യാജൻ. നിശ്ചിത അളവിലാണെങ്കിൽ ഇതൊന്നും പരിശോധനയിൽ കണ്ടെത്താനാകില്ല.
ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില : 350 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |