പാലോട്: തെങ്കാശി പാതയിൽ ചുള്ളിമാനൂർ മുതൽ മടത്തറ വരെയുള്ള പ്രധാന റോഡിലും നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ഇടറോഡുകളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ പായുന്നത്. ഇതുമൂലം പ്രദേശവാസികളും ഭീതിയിലാണ്. ഇടറോഡുകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ പായുന്ന മീൻലോറികളാണ് മറ്റൊരു ഭീഷണി. രാവിലെ 6 മണിയോടെയാണ് ഇത്തരം വാഹനങ്ങൾ മീൻ വില്പനയ്ക്കായി ഇറങ്ങുന്നത്.ഇതിൽ ഭൂരിഭാഗം വാഹനങ്ങൾക്കും യാതൊരു രേഖകളുമില്ല. വർഷങ്ങളോളം ടെസ്റ്റ് മുടങ്ങിയതും ഇൻഷ്വറൻസോ മറ്റ് രേഖകളോ ഇല്ലാത്തതുമായ വാഹനങ്ങളാണിതിലേറെയും. അമിതവേഗതയിൽ പായുന്ന ഈ വാഹനങ്ങളുടെ പിറകിലെ ഓസിൽ നിന്നും റോഡിലേക്ക് ഒഴുക്കുന്ന മലിനജലം പരിസരപ്രദേശങ്ങളെയാകെ ദുർഗന്ധപൂരിതമാക്കുന്നു. പുലർച്ചെ മുതൽ റൂട്ടിലോടുന്ന വാഹനങ്ങൾ അധികാരികൾ പരിശോധിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഇരുവശവും കാട്
കുത്തനെയുള്ള കയറ്റിറക്കവും കൊടുംവളവുകളും ചെങ്കോട്ട പാതയിൽ ചുള്ളിമാനൂരിനും മടത്തറയ്ക്കും ഇടയിൽ അപകടങ്ങൾക്ക് ഇടയാക്കുന്നു. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത തരത്തിലാണ് വളവുകൾ. ഡ്രൈവറുടെ ശ്രദ്ധ അല്പമൊന്ന് പാളിയാൽ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കുമെന്നുറപ്പ്. റോഡിന്റെ ഇരുവശവും പടർന്നുപന്തലിച്ച് കിടക്കുന്ന കാട് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നു.
നിയന്ത്രണം തെറ്റുന്നു
നിത്യവും ഒരു ഡസനോളം അപകടങ്ങൾ ഈ മേഖലയിലുണ്ടാവുന്നുണ്ട്.ഇറക്കമിറങ്ങി വരുന്നവർ അമിത വേഗതയിലായാൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റും.കയറ്റം താണ്ടുന്ന വാഹനത്തിൽ കൂട്ടി ഇടിക്കും. ഈ വിധം പൊലിഞ്ഞ ജീവനുകൾ നിരവധിയാണ്. വഞ്ചുവം,മഞ്ഞക്കോട്ടുമൂല,ഇളവട്ടം,താന്നിമൂട്, പ്ലാവറ,എക്സ് കോളനി എന്നിവിടങ്ങൾ അപകടമരണങ്ങൾക്ക് കുപ്രസിദ്ധമാണ്. റോഡിന്റെ ഗതിയറിയാവുന്നവർ ഈ ഭാഗങ്ങളിൽ വേഗത കുറച്ച് ശ്രദ്ധയോടെയേ വാഹനമോടിക്കൂ. എന്നാൽ അന്തർ സംസ്ഥാന വാഹനങ്ങളിലെ ഡ്രൈവർമാരും ടിപ്പർ, മീൻ ലോറികളും യാതൊരു നിയന്ത്രണവുമില്ലാതെ മരണപ്പാച്ചിലാണ്.
അപകടപരമ്പര
ഒരു വർഷത്തിനിടെ നൂറുകണക്കിന് അപകടങ്ങളുണ്ടായി. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള ചില വാഹനങ്ങളുടെ മത്സരയോട്ടം ഇപ്പോഴും തുടരുകയാണ്. നിയന്ത്രണം വിട്ട് ഒരു വാഹനം വന്നാൽ എതിർദിശയിലെ വാഹനത്തിന് ഒതുക്കാനുള്ള സൗകര്യമില്ല. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെറുവാഹനങ്ങൾ ചാലിൽ തെന്നിവീഴുന്നു.ഇത്തരം ഭാഗങ്ങളിൽ ടാർ ചെയ്ത റോഡിന് അനുബന്ധമായി കോൺക്രീറ്റ് ചെയ്യുകയോ കല്ല് പാകുകയോ ചെയ്യണമെന്ന് കെ.എസ്.ടി.പി പൊതുമരാമത്ത് റോഡ് വിഭാഗത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.എന്നാൽ, ഇക്കാര്യം നിറവേറ്റേണ്ടത് കെ.എസ്.ടി.പിയാണെന്ന പക്ഷമാണ് മരാമത്ത് ഉദ്യോഗസ്ഥർക്ക്. പി.ഡബ്ലിയു.ഡി നെടുമങ്ങാട്,പാലോട് സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് അപായമുനമ്പുകളായി മാറിയിട്ടുള്ളത്. 5വർഷം മുമ്പ് 20കോടി രൂപ ചെലവിട്ട് കെ.എസ്.ടി.പി നവീകരിച്ച റോഡിലാണ് അപകടപരമ്പര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |