കൊല്ലം: ഓണസദ്യ രുചികരമാക്കാൻ വിഷരഹിത പച്ചക്കറികൾ അടുക്കളയിൽ എത്തിക്കാനൊരുങ്ങി കുടുംബശ്രീ. ഓണക്കനി പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ 1519.6 ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷിയൊരുക്കുന്നത്. നാല് മുതൽ 10 വരെയുള്ള കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടുന്ന സംഘകൃഷി ഗ്രൂപ്പുകളാണ് (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) കൃഷിയിറക്കുന്നത്.
ജില്ലയിലെ 68 സി.ഡി.എസ് തലങ്ങളിലായി എല്ലാ വാർഡുകളിലും കുറഞ്ഞത് മൂന്ന് ഏക്കറിൽ കൃഷിയിറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. അത്യുൽപ്പാദനശേഷിയുള്ള സങ്കരയിനം വിത്തുകളും തൈകളും കുടുംബശ്രീയുടെ ജെെവിക പ്ലാന്റ് നഴ്സറി വഴിയും കൃഷി ഭവനുകൾ വഴിയും ലഭ്യമാക്കും.
കാർഷിക നഴ്സറികൾക്ക് 25000 രൂപ റിവോൾവിംഗ് ഫണ്ട് ലഭ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക വികസന പ്രവർത്തനങ്ങൾക്ക് ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന അഗ്രി സി.ആർ.പിമാരാണ് (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ) ഓരോ ഗ്രൂപ്പിനും ആവശ്യമായ വിത്തുകളുടെ കണക്ക് ശേഖരിക്കുന്നത്. സി.ഡി.എസ് തലത്തിൽ നിലമൊരുക്കൽ, തെെ നടൽ, കീട നിയന്ത്രണം തുടങ്ങിയവയിൽ കർഷകർക്ക് പരിശീലനം നൽകാനും നിർദേശിച്ചിട്ടുണ്ട്.
ഓണത്തിനാവശ്യമായ എല്ലാ പച്ചക്കറികളും കൃഷി ചെയ്യാനാണ് നിർദേശം. കുടുംബശ്രീ മിഷന്റെ ഫാം ലെെവ്‌ലി ഹുഡിന്റെ ഭാഗമായാണ് ഓണക്കനി നടപ്പാക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉത്പന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കുക, ഇതുവഴി കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അത്തത്തിന് നിറപ്പൊലിമ
ഓണവിപണി ലക്ഷ്യമാക്കി ജെ.എൽ.ജി ഗ്രൂപ്പുകളിലൂടെ പൂക്കൃഷിക്കുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു. നിറപ്പൊലിമ എന്ന പേരിൽ ജില്ലയിൽ 111.9 ഏക്കറിലാണ് പൂക്കൃഷി ചെയ്യുന്നത്.
ലക്ഷ്യമിടുന്ന ഏരിയ ഏക്കറിൽ
ബ്ളോക്ക്, (ഓണക്കനി), നിറപ്പൊലിമ
അഞ്ചൽ-232, 13
ചടയമംഗലം-313.5, 10
ചവറ-44, 8.9
ചിറ്റുമല-96, 7
ഇത്തിക്കര-63.5, 16
കൊട്ടാരക്കര-87, 10
പത്തനാപുരം-128, 8.5
ശാസ്താംകോട്ട-259.6, 14
മുഖത്തല-91, 5
ഓച്ചിറ-48, 11.5
വെട്ടിക്കവല-157, 8
ജില്ലയിലെ സി.ഡി.എസുകളുടെ കീഴിൽ ഓണക്കനി പദ്ധതിയുടെ പ്രവർത്തനം നടന്നുവരികയാണ്. പലയിടത്തും വിത്തിടീൽ കഴിഞ്ഞു.
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |