കോഴിക്കോട്: സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിൽ പ്രതി ഷിബിൻ ലാലിന്റെ മൊഴി പുറത്ത്. പണമടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ബാഗിൽ ഒരു ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രതി മൊഴി നൽകി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർച്ച ചെയ്തത്.
സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങിയ കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. രാമനാട്ടുകര പന്തീരാങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ച് ഷിബിൻ ലാൽ ബാഗ് തട്ടിപ്പറിച്ചു. തുടർന്ന് കറുത്ത നിറത്തിലുള്ള ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നുവെന്നാണ് പരാതി.
ഷിബിൻ ലാൽ, അക്ഷയ ഫെെനാൻസിയേഴ്സ് എന്ന സ്വർണപ്പണയ സ്ഥാപനത്തിൽ 38 ലക്ഷത്തോളം രൂപയ്ക്ക് സ്വർണം പണയം വച്ചിരുന്നു. ഇത് സ്വകാര്യ ബാങ്കായ ഇസാഫിലേക്ക് കൂടുതൽ പലിശയിൽ മാറ്റി വയ്ക്കണമെന്ന് ഷിബിൻ ലാൽ ആവശ്യപ്പെട്ടു. അത്തരത്തിൽ സ്വർണം മാറ്റിവയ്ക്കണമെങ്കിൽ ആദ്യം ഈ സ്വർണത്തിന്റെ പണം അടയ്ക്കണം. അതിനായിട്ടാണ് ഇയാൾ കവർച്ച നടത്തിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |