കൊച്ചി: മെട്രോ സ്റ്റേഷനുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റ് തുടങ്ങുന്നത് കാത്തുകാത്തിരുന്ന മദ്യപന്മാർക്ക് തിരിച്ചടി. ജനപ്രിയ കുപ്പികൾ മെട്രോ ബെവ്‌കോയുടെ ഔട്ട്‌ലെറ്റിൽ കിട്ടില്ല. വിലകൂടിയ വിദേശ നിർമ്മിത വിദേശ മദ്യങ്ങളാണ് (ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കർ) ഇവിടുത്തെ മെയിൻ. പാവപ്പെട്ട കുടിയന്റെ പ്രിയ ഇനങ്ങളായ ജവാനും ഓൾഡ് മങ്കും എം.എച്ചുമൊക്കെ വേണമെങ്കിൽ സാദാ ഔട്ട്‌ലെറ്റിൽ തന്നെ പോകണം.
മുമ്പ് വിവിധ ബാങ്കുകൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും മെട്രോ സ്റ്റേഷനുകളിൽ ലീസിന് സ്ഥലം അനുവദിച്ചിരുന്നു. ആലുവ, കമ്പനിപ്പടി സ്റ്റേഷനുകളിൽ എസ്.ബി.ഐ, ആലുവ സ്റ്റേഷനിൽ ഫെഡറൽ ബാങ്ക്, എം.ജി റോഡ്, ചങ്ങമ്പുഴ സ്റ്റേഷനുകളിൽ കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നീ ബാങ്കുകൾക്കാണ് സ്ഥലം അനുവദിച്ചിരുന്നത്. കളമശേരി മെട്രോ സ്റ്റേഷനിലും വാണിജ്യാടിസ്ഥാനത്തിൽ സ്ഥലം അനുവദിച്ചിരുന്നു.
കരാർ ഒപ്പിടൽ ബാക്കി
അടുത്തമാസം വൈറ്റില മെട്രോ സ്റ്റേഷനിലാണ് ആദ്യഔട്ട്‌ലെറ്റ് തുറക്കുക. അടുത്ത ദിവസങ്ങളിൽ ഇവിടെ സ്ഥല പരിശോധനയുണ്ടാകും. പ്രത്യേക ശീതീകരണ സംവിധാനവും ഇവിടെ ഒരുക്കുന്നുണ്ട്. മെട്രോയുടെ ഭാഗത്തു നിന്ന് ഇനി കരാർ ഒപ്പിടൽ മാത്രമാണ് ബാക്കിയെന്ന് അധികൃതർ അറിയിച്ചു. മറ്റെല്ലാം ബെവ്‌കോ നേരിട്ടാണ് സജ്ജമാക്കുക.
ആദ്യഘട്ടത്തിൽ വൈറ്റിലയ്ക്ക് പുറമേ വടക്കേക്കോട്ട സ്റ്റേഷനും കെ.എം.ആർ.എല്ലിന്റെ പരിഗണനയിലുണ്ട്. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ബൈവ്കോ ഔട്ടലെറ്റുകൾ തുറക്കാൻ കെ.എം.ആർ.എൽ അനുമതി നൽകിയത്.
ചരക്കു നീക്കം ഉടൻ
കൊച്ചി മെട്രോ ട്രെയിനുകളിലെ ചരക്കു നീക്കം സംബന്ധിച്ചും കെ.എം.ആർ.എല്ലിന്റെ തീരുമാനങ്ങൾ അന്തിമ ഘട്ടത്തിലാണ്. കേന്ദ്ര നിർദ്ദേശം വന്നതിനു പിന്നാലെ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ കെ.എം.ആർ.എൽ ആരംഭിച്ചിരുന്നു. ഏതൊക്കെ സമയത്ത് ചരക്ക് കയറ്റാം, എന്തൊക്കെ കൊണ്ടു പോകാനാകും, നിരക്ക് എന്നിവ സംബന്ധിച്ചുള്ള പോളിസി തയാറാക്കൽ അന്തിമ ഘട്ടത്തിലെത്തിയെന്ന് മെട്രോ അധികൃതർ സൂചിപ്പിക്കുന്നു. എത്രയും വേഗം പദ്ധതി നടപ്പാക്കാനാണ് കെ.എം.ആർ.എല്ലിന്റെ നീക്കം.
തിരക്കു കുറഞ്ഞ സമയത്ത് ട്രെയിനുകളുടെ പിൻഭാഗത്ത് പ്രത്യേക ക്രമീകരണം ഏർപ്പെടുത്താനാണ് നീക്കം. ചരക്ക് അളവുകൾ, ഭാരം, വാതിൽ സംവിധാനം, കൈമാറ്റ സമയം തുടങ്ങിയവയിലും ധാരണയായിട്ടുണ്ട്. ഓപ്പറേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |