കോട്ടയം : ഇറച്ചി വില്പനയിലും ഉപഭോഗത്തിലും മുൻപന്തിയിലുള്ള ജില്ലയിൽ നല്ല ഇറച്ചിക്കായി നെട്ടോട്ടമോടുകയാണ് ജനം. ആവശ്യക്കാരേറിയെങ്കിലും സാധനം കുറവായതിനാൽ പല സ്ഥാപനങ്ങളും പൂട്ടേണ്ട സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു. കന്നുകാലി ക്ഷാമത്തെത്തുടർന്ന് ബീഫ് വില കുത്തനെ വർദ്ധിച്ചിരുന്നു. ജില്ലയിലുള്ളവർ പോത്ത്, കാള ഇറച്ചികൾക്കായി പൂർണമായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പശു ഇറച്ചിയ്ക്ക് തീരെ ഡിമാൻഡില്ല. നാട്ടിൻ പുറത്ത് പോത്തിനെ വളർത്തിയവരെല്ലാം വിലകിട്ടാത്തതിനാൽ പിൻവലിഞ്ഞു. മുൻപ് ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് തമിഴ്നാട് വഴി വ്യാപകമായി കന്നുകാലികളെ എത്തിച്ചിരുന്നെങ്കിലും ഇവിടങ്ങളിലെ കാലി സമ്പത്ത് കുറഞ്ഞു. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് കന്നുകാലികളെ എത്തിക്കുന്നുണ്ട്. വയൽ ഉഴുന്നതിനും മറ്റുമായി വളർത്തിയിരുന്ന മാടുകളായിരുന്നു പിന്നീട് ഇറച്ചിയ്ക്കായി കൊണ്ടുവന്നിരുന്നത്.
കാലികളെ കൊണ്ടുവരാൻ ചെലവേറി
കാർഷിക മേഖലയിൽ യന്ത്രവത്കരണം പൂർണമായതോടെ കാലിവളർത്തൽ കുറഞ്ഞു. വിദൂര സംസ്ഥാനങ്ങളിൽ നിന്നു കന്നുകാലികളെ കൊണ്ടുവരേണ്ടി വരുമ്പോൾ ചെലവേറുന്നതായി വ്യാപാരികൾ പറയുന്നു. ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കർണാടക മുതലായ സംസ്ഥാനങ്ങളിലെ കന്നുകാലി വ്യാപാരം പൂർണമായും ഗുണ്ടാ മാഫിയ ഗ്രൂപ്പുകളാണ് നിയന്ത്രിക്കുന്നത്.
കടകൾ അടച്ചിടാൻ വ്യാപാരികൾ
കേരളത്തിന്റെ കാലിസമ്പത്ത് സംരക്ഷിക്കാനും മേഖല സംരക്ഷിക്കാനും സർക്കാർ കമ്മിഷനെ നിയമിച്ച് വിഷയങ്ങൾ പരിഹരിക്കണമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കന്നുകാലി കടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം പ്രഖ്യാപിക്കണം. ഇറച്ചി കടകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കുമെന്നും ജനറൽ സെക്രട്ടറി ബിനോ ജോസഫ്, പ്രസിഡന്റ് എം.എം. സലിം, കൺവീനർ അജീഷ് ജോസഫ് എന്നിവർ പറഞ്ഞു.
ഗോവധ നിരോധന മേഖലകളിൽ കാലിക്കടത്ത് പ്രതിസന്ധി
നിലവാരമില്ലാത്ത ഇറച്ചി എത്തിക്കാൻ പ്രത്യക സംഘം
ബീഫ് വില : 440 460 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |