ഡ്രൈവർക്ക് പരിക്ക്, യാത്രക്കാർ രക്ഷപ്പെട്ടു
ആലപ്പുഴ : പൊട്ടിക്കിടന്ന കേബിൾ മുൻവീലിൽ കുരുങ്ങി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ആലപ്പുഴ ബീച്ച് വാഡിൽ കൂട്ടുങ്കൽ വീട്ടിൽ തോമസ് ജോസഫിനാണ് (72) പരിക്കേറ്റത്. റെയിൽവേ സ്റ്റേഷൻ സ്റ്റാന്റിലെ ഓട്ടോഡ്രൈവറായ തോമസ് ജോസഫ് ശനിയാഴ്ച രാവിലെ 7 മണിയോടെ കൃപാസനം പള്ളിയിലേക്ക് തമിഴ്നാട് സ്വദേശികളായ മൂന്നംഗ കുടുംബവുമായി സവാരി പോകുന്നതിനിടെ നഗരത്തിൽ വെള്ളാപ്പള്ളി പുതിയപാലത്തിന് സമീപമായിരുന്നു അപകടം.
മഴയുണ്ടായിരുന്നതിനാൽ റോഡിന് കുറുകെ ബി.എസ്.എൻ.എല്ലിന്റെ കേബിൾ പൊട്ടിക്കിടന്നത് കാണാൻ കഴിഞ്ഞില്ല. കേബിൾ മുൻവീലിൽ കുരുങ്ങിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് റോഡിൽ പലതവണ മറിഞ്ഞശേഷം സമീപത്തെ കുഴിയിലേക്ക് പതിച്ചു. മുൻവശത്തെ ഗ്ളാസ് ചവിട്ടിപ്പൊട്ടിച്ച് പുറത്തുകടന്ന തോമസ് ജോസഫ് അതുവഴിയെത്തിയവരുടെ സഹായത്തോടെയാണ് യാത്രക്കാരെ പുറത്തെടുത്തത്. അച്ഛനും അമ്മയും മകളുമടങ്ങുന്ന കുടുംബത്തെയും തോമസ് ജോസഫിനെയും നാട്ടുകാർ ജനറൽ ആശുപത്രിയിലെത്തിച്ചു. യാത്രക്കാർക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. പ്രാഥമികശുശ്രൂഷയ്ക്ക് ശേഷം ഇവരെ വിട്ടയച്ചു. വാരിയെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് തോമസ് ജോസഫിന് വിശ്രമം നിർദേശിച്ചശേഷം ഡിസ്ചാർജ് ചെയ്തു. റോഡിൽ പൊട്ടിക്കിടന്നത് വൈദ്യുതി കേബിളാണെന്നും വൈദ്യുഘാതമേറ്റാണ് ഓട്ടോ മറിഞ്ഞതെന്നുമുളള സംശയം നാട്ടുകാരെയും യാത്രക്കാരെയും ആശങ്കയിലാക്കി. വിവരമറിഞ്ഞ് ബി.എസ്.എൻ.എൽ ജീവനക്കാരെത്തിയെങ്കിലും കേബിൾ പുനഃസ്ഥാപിക്കാൻ നാട്ടുകാർ അനുവദിച്ചില്ല. ആലപ്പുഴ നോർത്ത് പൊലീസെത്തി സ്ഥലം പരിശോധിച്ചശേഷമാണ് കേബിൾ പുനഃസ്ഥാപിക്കാനായത്. ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |