കോന്നി : തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ട മെഡിക്കൽ സ്റ്റോർ ഉടമയെ കാണാതായി. കോന്നി പരമേശ്വര മെഡിക്കൽസ് സ്റ്റോർ ഉടമ അതിരുങ്കൽ മൂക്കന്നൂർ പ്രവീൺ ശേഖർ (47) നെ ആണ് കാണാതായത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ അരികിലെ മ്ലാന്തടം ജുമാ മസ്ജിദിന് സമീപത്ത് പ്രവീൺ സഞ്ചാരിച്ചിരുന്ന ബൈക്ക് ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ച രാത്രി 10.30ന് മെഡിക്കൽ സ്റ്റോർ അടച്ചിട്ട് കോന്നിയിൽ നിന്ന് അതിരുങ്കലിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ പ്രവീൺ ശേഖർ മസ്ജിദിന് സമീപത്ത് ബൈക്ക് നിറുത്തി ഇറങ്ങിയശേഷം തോട്ടിലേക്ക് ഇറങ്ങുന്ന സി സി ടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് പ്രവീൺ സിനിമക്ക് പോകുമെന്ന് ഫോൺ വിളിച്ച് അറിയിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. എന്നാൽ ഇതിന് ശേഷം ഫോണിൽ വിളിച്ചിട്ട് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങുകയും പ്രവീൺ സഞ്ചരിച്ച ബൈക്ക് തോടിന് കരയിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ സമീപത്തെ വീടിന്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് പ്രവീൺ തോട്ടിലേക്ക് വീഴുന്ന ദൃശ്യങ്ങൾ കണ്ടത്. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവ സ്ഥലത്ത് നിന്ന് പ്രവീണിന്റെ ചെരുപ്പും മുണ്ടും കണ്ടെത്തിയിട്ടുണ്ട്. അഗ്നി രക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്ന് അരുവാപ്പുലം പുളിഞ്ചാണി ഭാഗംവരെ തെരച്ചിൽ നടത്തി. മഴ ശക്തി പ്രാപിച്ചതോടെ തോട്ടിൽ ശക്തമായ ഒഴുക്കാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |