കോന്നി : ഗ്രാമപഞ്ചായത്തിലെ 12,13 വാർഡുകളിലുള്ള അഞ്ഞൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന തണ്ണിത്തോട് - മേക്കണ്ണം റോഡ് സഞ്ചാരയോഗ്യമല്ലാതായി. അഞ്ചു കിലോമീറ്റർ ദൂരംവരുന്ന റോഡ് മേക്കണ്ണം പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏകമാർഗം കൂടിയാണ്. തണ്ണിത്തോട് ഗവ.വെൽഫയർ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ അടക്കം ദിവസവും സഞ്ചരിക്കുന്നത് ഈ റോഡിലൂടെയാണ്. സമീപ സ്കൂളുകളിലെ വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ തണ്ണിത്തോട്ടിൽ നിന്ന് മേക്കണ്ണം ഭാഗത്തേക്ക് സവാരിക്ക് ഓട്ടോറിക്ഷകൾ എത്താറില്ലെന്ന് നാട്ടുകാർ പറഞ്ഞു. തണ്ണിത്തോട് പഞ്ചായത്തിലെ മേക്കണ്ണം, തണ്ണിത്തോട് മൂഴി, തണ്ണിത്തോട് സ്റ്റേഡിയം ജംഗ്ഷൻ, അഞ്ചുകുഴി, തണ്ണിത്തോട്, പറക്കുളം, മേടപ്പാറ, കൂത്താടിമൺ, തേക്കുതോട്, ഏഴാംതല, കരുമാൻതോട്, മൂർത്തിമൺ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും പതിവായി ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. പ്രദേശത്ത് എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ എത്താനും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മലയോര മേഖലയിലെ നിരവധി കുടിയേറ്റ കർഷക കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ നീളം : 5 കിലോ മീറ്റർ,
അഞ്ഞൂറോളം കുടുംബങ്ങളുടെ ആശ്രയം
പൊട്ടിപ്പൊളിഞ്ഞ തണ്ണിത്തോട് മേക്കണ്ണം റോഡ്
സഞ്ചാരയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
ഭദ്രൻ, കോട്ട മുരുപ്പേൽ ( പ്രദേശവാസി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |