ആലപ്പുഴ: കാർ തോട്ടിൽ വീണുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. തത്തംപള്ളി സ്വദേശി ബിജോയി ആന്റണി (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ടുപേർ രക്ഷപ്പെട്ടു.
മാരുതി സ്വിഫ്‌ട് കാർ ആണ് അപകടത്തിൽപ്പെട്ടത്. പുന്നമട ഭാഗത്തുനിന്ന് ആലപ്പുഴയിലേയ്ക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ആലപ്പുഴയിലെ രാജീവ് ബോട്ടുജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണംവിട്ട് കാർ വെള്ളത്തിലേയ്ക്ക് പതിക്കുകയായിരുന്നു. കാറിൽ നിന്ന് രക്ഷപ്പെട്ട രണ്ടുപേർ പുറത്തിറങ്ങി വിവരം നാട്ടുകാരെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് ബിജോയിയെ കാറിൽ നിന്ന് പുറത്തെത്തിച്ചത്.
തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തിന് സമീപമാണ് ബിജോയിയുടെ വീടെന്നും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |