കനത്ത മഴയും പൊരിവെയിലുമൊന്നും വകവയ്ക്കാതെ കസ്റ്റമറിന് തങ്ങളുടെ ഓർഡർ നൽകാൻ പായുന്ന സൊമാറ്റോ ഡെലിവറി ഏജന്റുമാരെ നാം ദിവസേനെ കാണാറുണ്ട്. തങ്ങളുടെ ശാരീരിക കുറവുകളെ മറികടന്ന് സൊമോറ്റായുടെ തൊഴിലാളികളായി പ്രവർത്തിക്കുന്നവരെയും സമൂഹമാദ്ധ്യമങ്ങളിൽ അടക്കം കാണാറുണ്ട്. ഇപ്പോഴിതാ ഒരു സൊമാറ്റോ ഡെലിവറി ബോയിയുടെ കണ്ണുനനയിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. എന്നത്തെയും പോലെ ഡെലിവറി നൽകാനായി പോയ ഒരു യുവാവിന് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് വീഡിയോയിൽ കാണുന്നത്.
ആഹാരത്തിന്റെ പാഴ്‌സലുമായി എത്തിയ സൊമാറ്റോ ഡെലിവറി ബോയിക്ക് ജന്മദിനത്തിൽ ഒരുപറ്റം അപരിചിതരായ ചെറുപ്പക്കാർ നൽകിയ അപ്രതീക്ഷിത സമ്മാനത്തിന്റെ വീഡിയോ 'കെആർഎസ്‌നരട്ട്‌നാനി' എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചതാണ് വൈറലാവുന്നത്. കെട്ടിടത്തിന് പുറത്തിനിൽക്കുകയായിരുന്ന ഏജന്റിനെ കണ്ണുമറച്ചാണ് അകത്തേയ്ക്ക് കൊണ്ടു പോകുന്നത്. അകത്തെത്തുന്നതും ചെറുപ്പക്കാർ ജന്മദിന പാട്ടുകൾ പാടുന്നു. ഇതുകണ്ട് യുവാവ് സന്തോഷത്തോടെ നിറകണ്ണുകൾ തുടയ്ക്കുന്നത് കാണാം. യുവാവിന്റെ 40ാം ജന്മദിനമായിരുന്നു ആഘോഷിച്ചത്. തുടർന്ന് ചെറുപ്പക്കാർ ഒരുക്കിയ കേക്കും ഡെലിവറി ഏജന്റ് മുറിച്ചു. അവിടെയുണ്ടായിരുന്ന മറ്റൊരു യുവാവിനും മുൻകൂർ ജന്മദിനാശംസകൾ ചെറുപ്പക്കാർ നേരുന്നുണ്ട്. വീഡിയോയ്ക്ക് അനേകം കമന്റുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്. 'സൊമാറ്റോഡെലിവറിപാർട്ട്‌ണർ' ഔദ്യോഗിക അക്കൗണ്ടും വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |