കോട്ടയം : തല അല്പമൊന്ന് ഉയർത്തി മുകളിലേക്ക് നോക്കിയാൽ മനസൊന്ന് പതറും. കാറ്രിൽ ആ മരങ്ങൾ ആടിയുലയുമ്പോൾ ആശങ്ക ഇട്ടിയാകും. ഇവയിലൊന്ന് നിലംപൊത്തിയാൽ പിന്നെ എന്താകും അവസ്ഥ. ആലോചിക്കാനെ വയ്യ!. ചുങ്കത്തെ വൻമരം വീണത് ആശ്വാസമാണെങ്കിലും ജില്ലയുടെ വിവിധയിടങ്ങളിൽ അപകടഭീഷണി ഉയർത്തി നിരവധി മരങ്ങളാണ് സ്ഥിതി ചെയ്യുന്നത്. എം.സി റോഡിലും, ദേശീയപാതയോരത്തും ഭീതിയോടെയാണ് വാഹനയാത്ര. കോട്ടയം - എറണാകുളം റോഡിൽ കാണക്കാരിയ്ക്കും കോതനല്ലൂരിനും ഇടയിൽ തൂങ്ങിയാടി നിൽക്കുന്ന മരങ്ങൾ കാണാം. പക്ഷേ, കാണേണ്ടവർ കാണുന്നില്ല. കഞ്ഞിക്കുഴി പാലം, കഞ്ഞിക്കുഴി, സി.എം.എസ് കോളേജ് റോഡ്, ചങ്ങനാശേരി മോർക്കുളങ്ങര, കറുകച്ചാൽ - വാഴൂർ റോഡ് ഇവിടങ്ങളിലൊക്കെ മരണക്കെണിയൊരുക്കി മരങ്ങളുണ്ട്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും നിൽക്കുന്നവയും എല്ലാം ഒത്തവണ്ണമുള്ളവ. പലതും ഏത് നിമിഷവും അപകടം വരുത്താൻ പാകത്തിലും. പുറമ്പോക്കിലെ വൻ മരങ്ങൾ ഏറ്റവും കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നത് ചങ്ങനാശേരി - വാഴൂർ റോഡിലാണ്. കൂറ്റൻ ആഞ്ഞിലികൾ, മാവ് ഉൾപ്പെടെയുള്ളവയാണുള്ളത്. എല്ലാ വർഷവും മരമോ, ശിഖരമോ വീണ് അപകടങ്ങളുണ്ടാകാറുമുണ്ട്. പരിസ്ഥിതി സ്‌നേഹികളുടെ എതിർപ്പാണ് പലപ്പോഴും വെട്ടിമാറ്റാൻ വില്ലനാകുന്നത്.
മുന്നറിയിപ്പുകളിലൊതുങ്ങും
അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കണമെന്നാണ് സർക്കാർ നിർദ്ദേശമെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ തന്നെ ലംഘിക്കുന്നതാണ് കാഴ്ച. ചുവട് ഇളകിയ മരങ്ങൾ പോലും മുറിച്ച് മാറ്റാൻ തയ്യാറാകുന്നില്ല. ഉയരം കൂടിയ ട്രക്കുകൾ ഉൾപ്പെടെ കടന്നു പോകുമ്പോൾ മരക്കൊമ്പിൽ തങ്ങുന്നതിനും ഇടയാക്കുന്നുണ്ട്. ശിഖരങ്ങളടക്കം വൈദ്യുതി കമ്പിയിൽ തൊട്ടുരുമിയാണ് നിൽക്കുന്നത്. ഇത് അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടും. ഭാഗ്യം കൊണ്ടാണ് വൻഅപകടങ്ങൾ ഒഴിവാകുന്നത്. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല.
''നിരവധിത്തവണ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മരം മുറിച്ചുമാറ്റാൻ നടപടിയില്ല. ഉയർന്ന വാഹനങ്ങളിൽ മരക്കൊമ്പുകൾ തട്ടുന്നതിനും ഇടയാക്കുന്നു. മഴയും കാറ്റും ശക്തമായതോടെ ജനങ്ങൾ ഭീതിയിലാണ്.
സതീശൻ, നമ്പ്യാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |