7 വർഷം, 21 കിലോമീറ്റർ, 600ലേറെ അപകടങ്ങൾ, 100ലേറെ മരണം
കണ്ണൂർ: പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിനു സമീപം താമസിക്കുന്നവരുടെ ആശങ്ക ഒഴിയുന്നില്ല. മിക്ക ദിവസങ്ങളിലും പ്രദേശവാസികൾ ഉണരുന്നത് വാഹനാപകടങ്ങൾ കണ്ടോ അപകട വാർത്ത കേട്ടോ ആണ്.
21 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 2018ൽ ജനങ്ങൾക്കായി തുറന്നുകൊടുത്തതിൽ പിന്നെ പഴയങ്ങാടി, കണ്ണപുരം പൊലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയത് അറുന്നൂറിലേറെ വാഹനാപകടങ്ങൾ. ഔദ്യോഗിക കണക്കുകളിൽ ഇല്ലാത്ത അപകടങ്ങൾ അതിലുമേറെയാകുമെന്ന് പൊലീസ് ഉൾപ്പെടെ പറയുന്നു. അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ബൈക്ക് യാത്രികർ മരിച്ചിരുന്നു. അഞ്ച് വ്യത്യസ്ഥ അപകടങ്ങളാണ് റോഡിലുണ്ടായത്. പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരനായ സജിത്ത് ബാബുവും അതിന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചെറുകുന്ന് സ്വദേശിയായ രജീഷെന്ന യുവാവുമാണ് മരണപ്പെട്ടത്. മാസങ്ങൾക്ക് മുമ്പ് പുന്നച്ചേരിയിലെ പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറും മരിച്ചത് ഒരു നാടിനെ തന്നെ നടുക്കിയിരുന്നു.
ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങളെല്ലാം തളിപ്പറമ്പ് പാത ഒഴിവാക്കി കെ.എസ്.ടി.പി റോഡ് ഉപയോഗിച്ചാണ് പോകുന്നത്. ഇത് റോഡിന് താങ്ങാവുന്നതിലും കൂടുതൽ വാഹനപ്പെരുപ്പത്തിനും ഇടയായി. പഴയങ്ങാടി നഗരത്തിലുൾപ്പെടെ പലയിടങ്ങളിലും റോഡിന് വീതിയും കുറവാണ്.
വാഹനയാത്രക്കാർക്ക് പുറമെ നിരവധി കാൽ നടയാത്രക്കാരും കെ.എസ്.ടി.പി റോഡിൽ വാഹനങ്ങൾ തട്ടി മരിച്ചു. മഴക്കാലമായതിൽ പിന്നെ റോഡിന്റെ പലഭാഗങ്ങളിലും ആഴമേറിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
നിറയെ കുഴികൾ, വെളിച്ചക്കുറവ്, അമിത വേഗം
കെ.എസ്.ടി.പി റോഡിലെ അപകടങ്ങൾക്കുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത് വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയുമാണ്. പലയിടങ്ങളിലും അപ്രതീക്ഷിതമായി വരുന്ന വളവുകളിലും ഇറക്കത്തിലും അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നത് അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. റോഡിൽ ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളോ വെളിച്ചമോ ഇല്ലെന്ന പരാതിയുമുണ്ട്. കോറിഡോർ സേഫ്റ്റി പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളിൽ 31 ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും അതിൽ പലതും പ്രവർത്തനക്ഷമമല്ല എന്നും നാട്ടുകാർ പറയുന്നു. ഓവർ ബ്രിഡ്ജിലടക്കമുള്ള ചെറുതും വലുതുമായ കുഴികളും അപകടത്തിനിടയാക്കുന്നു. ഓവർ ബ്രിഡ്ജിൽ ഉണ്ടായ കുഴിയിൽ കഴിഞ്ഞ ദിവസം രാഷ്ട്രീയ സംഘടനകൾ വാഴ വച്ച് പ്രതിഷേധിച്ചിരുന്നു.
റോഡ് റീടാറിംഗിനായി 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ഉൾപ്പെടെ പുരോഗമിക്കുകയാണ്. മഴ മാറി നിന്നാൽ ഉടനെ പ്രവർത്തി ആരംഭിക്കാനാകും.
എം. വിജിൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |