പത്തനംതിട്ട : ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന് മെസേജുകൾ അയച്ച് പാൻകാർഡ് വിവരങ്ങൾ ചോർത്തി അക്കൗണ്ടിൽ നിന്ന് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. ജില്ലയിൽ നിരവധി ആളുകളുകൾക്ക് ഇത്തരത്തിൽ വാട്സാപ്പ് മെസേജുകൾ ലഭിച്ചു. മെസേജുകൾക്കൊപ്പം അയക്കുന്ന ബാങ്കുകളുടെ പേരിലുള്ള വ്യാജ ലിങ്കുകൾ ഓപ്പൺ ചെയ്യാനാണ് നിർദേശം. ഇങ്ങനെ ഓപ്പൺ ചെയ്യുന്ന ലിങ്കുകളിൽ പാൻകാർഡ് നമ്പരുകൾ ചേർക്കാനാണ് അടുത്ത നിർദേശം. ഇതുചെയ്തു കഴിയുമ്പോഴാണ് പണം തട്ടിയെടുക്കുന്നത്.
പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ മനോജിന്റെ ഫോണിലേക്ക് യൂണിയൻ ബാങ്കിന്റേതായ മെസേജുകളാണ് കഴിഞ്ഞദിവസം എത്തിയത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉടൻ ബ്ളോക്ക് ചെയ്യുമെന്നും ഉടൻ തന്നെ പാൻ കാർഡ് വിവരങ്ങൾ ബാങ്കിന്റെ ലിങ്കിൽ ചേർക്കാനുമായിരുന്നു മെസേജിലെ നിർദേശം. മെസേജിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ മനോജ് ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ച് മാനേജർക്ക് പരാതി നൽകി. തങ്ങൾ ഇങ്ങനെ മെസേജുകൾ അയയ്ക്കാറില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
എസ്.ബി.ഐയുടെ ഓൺലൈൻ കസ്റ്റമർ എന്ന പേരിലും തട്ടിപ്പുകൾ വ്യാപകമാണ്. എസ്.ബി.ഐ ഓൺലൈൻ ഡെസ്ക് എന്ന പേരിലാണ് വെബ് സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്നു എന്ന പേരിലാണ് തട്ടിപ്പ്. അടുത്തിടെ എസ്.ബി.ഐ യോനോ മൊബൈൽ ആപ്പ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് സൈറ്റിൽ കയറിയപ്പോൾ മൊബൈൽ നമ്പരും ബാങ്ക് അക്കൗണ്ടുകളും ചോദിച്ചാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് അക്കൗണ്ട് ഹോൾഡർ ബിജു വാസുദേവ് പറഞ്ഞു.
ഓൺലൈൻ വ്യാപരം സൂക്ഷിക്കുക
ഓൺലൈൻ വ്യാപാരം നടത്തുമ്പോൾ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത മൊബൈൽ നമ്പരുകൾ തരപ്പെടുത്തിയാണ് തട്ടിപ്പുകൾ നടുത്തുന്നതെന്ന് സൂചനയുണ്ട്. മെസേജ് അയച്ച ഫോൺ നമ്പർ സഹിതം ചില അക്കൗണ്ട് ഉടമകൾ ബാങ്ക് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
ഇരുപത് വർഷമായി കൈകാര്യം ചെയ്യുന്ന അക്കൗണ്ടാണ് തന്റേത്. ഓൺലൈൻ ഇടപടുകൾ നടത്തുമ്പോഴാണ് തട്ടിപ്പുകാർ രംഗത്തു വരുന്നതെന്ന് സൂചനയുണ്ട്. ബാങ്കുകൾ ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണം.
മനോജ് കാർത്തിക, കല്ലറക്കടവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |