കഴിഞ്ഞദിവസം മരണം നടന്ന ഒരു വീട്ടിൽ പോയി. മുറ്രത്ത് ആളുകൾ ഉച്ചത്തിൽ വർത്തമാനം പറഞ്ഞും പൊട്ടിച്ചിരിച്ചും നിൽക്കുന്നു. എന്നെക്കണ്ട് ഒരാൾ പറഞ്ഞു. - "ഒത്തിരിനാളായല്ലോ കണ്ടിട്ട്. "
അടുത്തുനിന്ന ആൾ: " എല്ലാവരും തിരക്കിലല്ലേ. ഇങ്ങനെയൊക്കെയല്ലേ കാണാനാകു."
ശേഷം ഞങ്ങളും വർത്തമാനം പറഞ്ഞ് രസിക്കാൻ തുടങ്ങി. വരുന്നവരൊക്കെ പരിചയം പുതുക്കലിലും തമാശ പൊട്ടിക്കലിലുമാണ്. മുറിക്കുള്ളിൽ പരേതന് ചുറ്റും ഇരിക്കുന്നവർക്ക് മാത്രമുണ്ട് ദു:ഖം. എനിക്ക് ധൃതിയുണ്ടായിരുന്നു. പരേതന്റെ ഭാര്യയെയും മക്കളെയും ഒന്നു തലകാണിച്ച് ഞാൻ മടങ്ങി. ദു:ഖിച്ചുനിൽക്കാൻ നേരമില്ല.
മരണം ആരെയും വേദനിപ്പിക്കുന്നില്ല. ഒരുപക്ഷേ പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിച്ച് വർഷങ്ങൾക്കുമുമ്പായിരിക്കും നമ്മൾ കരഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മരിച്ചതറിയുമ്പോൾ ഇപ്പോൾ നമ്മുടെ കണ്ണുകൾ നിറയുന്നുണ്ടോ ? സംശയമാണ്. കരയാൻ നമ്മൾ മറന്നുപോയിരിക്കുന്നു. നമുക്കെല്ലാം കണ്ണീർഗ്രന്ഥികൾ നഷ്ടപ്പെട്ടിരിക്കുന്നു. ഒട്ടും മര്യാദയില്ലാതെ മരണവീടുകളിൽ പോലും പെരുമാറാൻ നമ്മൾ പഠിച്ചിരിക്കുന്നു. മുമ്പ് സിനിമ കണ്ടും നോവൽ വായിച്ചും കരഞ്ഞവരാണ് നമ്മൾ. പെരുമൺ തീവണ്ടി ദുരന്തത്തിന്റെയും ഗുജറാത്ത് ഭൂകമ്പത്തിന്റെയും വാർത്തയറിഞ്ഞ് ദിവസങ്ങളോളം സങ്കടപ്പെട്ടു നടന്നവരാണ് നമ്മൾ. ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെടുന്ന മരണ വാർത്തയ്ക്ക് താഴെ ആദരാഞ്ജലിയും കൂപ്പുകൈയും ഇട്ട് ഇന്ന് നമ്മൾ ഒാൺലൈൻ കരച്ചിൽ നടത്തുന്നു. മരണവാർത്തയറിഞ്ഞ് വീട്ടിൽ നമ്മൾ പോകുന്നത് ഒന്നു തലകാണിക്കാനും മറ്റുള്ളവരെ കണ്ട് പരിചയം പുതുക്കാനുമാണ്. നമ്മുടെ തല വിശേഷപ്പെട്ടതാണെന്നും അത് മരണവീടുകളിൽ പ്രദർശിപ്പിക്കാനുള്ളതാണെന്നും നമ്മൾ കരുതുന്നു. മൃതദേഹത്തിൽ വയ്ക്കുന്ന പുഷ്പചക്രങ്ങളിൽ ഒതുങ്ങുന്നു ഇന്ന് നമ്മുടെ സങ്കടം. . ഫേസ് ബുക്കിലും വാട്സ് ആപ് ഗ്രൂപ്പുകളിലും ആദരാഞ്ജലികളും പ്രണാമങ്ങളും കൂപ്പുകൈകളും അയച്ച് നമ്മൾ ദു:ഖം പങ്കുവയ്ക്കുന്നു. സ്നേഹബന്ധങ്ങൾ മരവിച്ച കാലമാണിത്. ആരുടെയും മരണം ആരെയും കരയിക്കുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |