വെഞ്ഞാറമൂട്: വഴിയരികിലെ താര സുന്ദരിയാണിപ്പോൾ മാങ്കോസ്റ്റിൻ. ഡ്രാഗൺ ഫ്രൂട്ട്, റംബൂട്ടാൻ തുടങ്ങിയ വിദേശ പഴങ്ങൾക്കൊപ്പം
മാങ്കോസ്റ്റിനും ആവശ്യക്കാരേറെയാണ്. വാങ്ങാമെന്ന് വിചാരിച്ച് വണ്ടി നിറുത്തി ഇറങ്ങി വില ചോദിച്ചാൽ വില കേട്ട് ഞെട്ടും. കിലോയ്ക്ക് 300. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെയാണ് മലയാളിക്ക് മാങ്കോസ്റ്റിനെ പരിചയം. ആ പരിചയത്താൽ സ്വന്തമാക്കാം എന്ന് വെച്ചാൽ പോക്കറ്റ് കീറിയത് തന്നെ. കോന്നിയിൽ നിന്നാണ് ഇവിടങ്ങളിലേക്ക് മാങ്കോസ്റ്റിൻ എത്തുന്നത്. അച്ചൻകോവിൽ തീരങ്ങളിലും ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കിലോയ്ക്ക് 150 മുതൽ 200 രൂപ വരെ ലഭിച്ചിരുന്നു.
പഴങ്ങളുടെ റാണി
റംബൂട്ടാനെ പോലയും,ഡ്രാഗൺ ഫ്രൂട്ടിനെ പോലെയും സുലഭമല്ല നമ്മുടെ നാട്ടിൽ മാങ്കോസ്റ്റിൻ. നാട്ടിൻ പുറങ്ങളിൽ ഒന്നും രണ്ടും ഉണ്ടങ്കിലും കായ്ഫലം കുറവാണ്. മാങ്കോ സ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ചതാണ്. ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്.
രുചികരം
വളരെ രുചികരമായ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇല തിളക്കമുള്ളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാൻ ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്നു. നട്ട് ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്നും പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭിക്കും. അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |