താമരക്കുളം :കാട്ടുപന്നി ശല്യം വർദ്ധിച്ചതോടെ നാട്ടിൻപുറങ്ങളിലെ കൃഷിസ്ഥലങ്ങളിൽ വ്യാപകമായ വൈദ്യുതിക്കെണിയിലെ അപായം സംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചതാണ് നിലമ്പൂരിന് പിന്നാലെ താമരക്കുളത്തും മനുഷ്യജീവൻ അപഹരിക്കപ്പെടാനിടയായത്.
താമരക്കുളം കിഴക്കേമുറി പുത്തൻചന്ത പ്രസന്നഭവനത്തിൽ ശിവൻകുട്ടി കെ.പിള്ളയാണ് (65) പന്നിക്കായി ഒരുക്കിയ കെണിയിൽ നിന്ന് ഇന്നലെ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പന്നിക്ക് കെണിയൊരുക്കിയ കർഷകനും പ്രദേശവാസിയുമായ ഇടക്കണ്ടത്തിൽ ജോൺസണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിലമ്പൂരിൽ ദിവസങ്ങൾക്ക് മുമ്പ് പത്താം ക്ളാസ് വിദ്യാർത്ഥി മരിച്ച സംഭവത്തെ തുടർന്നാണ് വള്ളികുന്നമുൾപ്പെടെ ജില്ലയുടെ അതിർത്തിഗ്രാമങ്ങളിൽ വൈദ്യുതിക്കെണിയിൽ പതിയിരിക്കുന്ന അപകടങ്ങൾ സംബന്ധിച്ച് ജൂൺ 9ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്.
വാർത്തയെ തുടർന്ന് വള്ളികുന്നം ഗ്രാമപഞ്ചായത്തും വള്ളികുന്നം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരും തങ്ങളുടെ മേഖലകളിൽ വ്യാപക പരിശോധന നടത്തുകയും കർഷകരുടേതുൾപ്പെടെ പ്രാദേശിക സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടടുത്ത പഞ്ചായത്തിലാണ് അധികൃതരുടെ അനാസ്ഥ ഇന്നലെ കർഷകന്റെ ജീവനെടുത്തത്. പരമ്പരാഗതമായി കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നയാളാണ് ശിവൻകുട്ടി പിള്ള. പച്ചക്കറി, വാഴ, മരച്ചീനി കൃഷികൾ വ്യാപകമായ ഇവരുടെ കൃഷി സ്ഥലങ്ങൾ കാട്ടുപന്നിക്കൂട്ടത്തിന്റെ വിഹാര കേന്ദ്രമാണ്. കാട്ടുപന്നി ശല്യം തുടങ്ങിയ സമയത്ത് പഞ്ചായത്ത് മുൻകൈയെടുത്ത് ഷൂട്ടർമാരെ കൊണ്ടുവന്ന് ഏതാനും കാട്ടുപന്നികളെ വെടിവച്ചുകൊന്നെങ്കിലും പിന്നീട് യാതൊരു ഇടപെടലും ഉണ്ടായില്ല.
വിജനമായ സ്ഥലങ്ങളിലും പുഞ്ചകളിലും തമ്പടിച്ച പന്നികൾ പെറ്റുപെരുകിയതോടെ പ്രദേശത്ത് കൃഷി അസാദ്ധ്യമായ സ്ഥിതിയെത്തി. കൃഷി ഉപേക്ഷിക്കാൻ മനസില്ലാത്ത ശിവൻകുട്ടി പിള്ളയെപോലുള്ളവരാണ് വെല്ലുവിളി ഏറ്രെടുത്ത് ഇപ്പോഴും ഈ രംഗത്ത് തുടരുന്നത്.
പറമ്പിലെ വൈദ്യുതിവേലിയിൽ നിന്ന് ശിവൻകുട്ടിയുടെ ഇടതുകാലിൽ ഷോക്കേറ്റതാണ് അപകടത്തിനിടയാക്കിയത്. ഷോക്കേറ്റയുടൻ വൈദ്യുതി കട്ടായതിനാലാണ് അന്വേഷിച്ചെത്തിയ മകൾ ശരണ്യയുൾപ്പെടെയുള്ളവർ വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത്. ഷോക്കേറ്റാണ് മരണമെന്ന് മനസിലാക്കിയ ഉടൻ ജോൺസൺ സ്ഥലത്തെ കമ്പിവേലിയും മറ്റും നീക്കംചെയ്തെങ്കിലും കെ.എസ്.ഇ.ബി പരിശോധനയിൽ വൈദ്യുതിക്കെണി സ്ഥിരീകരിച്ചതോടെ അന്വേഷണം ആ വഴിയ്ക്ക് നീങ്ങി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചശേഷം നരഹത്യയുൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയേക്കും. കെണി ഒരുക്കാനുപയോഗിച്ച വയറും കമ്പികളുമുൾപ്പെടെയുള്ള സാധനങ്ങൾ ശാസ്ത്രീയപരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു.
ലൈൻ ഓഫ് ചെയ്യാൻ വിട്ടുപോയത് വിനയായി
ആറുമാസം മുമ്പ് നട്ട് പകുതി വിളവായ മരച്ചീനിയും മറ്റും പന്നി നശിപ്പിക്കുന്നതൊഴിവാക്കാനാണ് കർഷകനായ ജോൺസൺ കെണിയൊരുക്കിയത്
രാത്രിയിൽ പറമ്പിലെത്തുന്ന പന്നികളെ ഷോക്കടിപ്പിച്ച് ഓടിക്കുകയായിരുന്നു ഉദ്ദേശമെങ്കിലും രാവിലെ ലൈൻ ഓഫ് ചെയ്യാൻ വിട്ടുപോയതാണ് വിനയായത്
പറമ്പിന് ചുറ്റും വലിച്ചുകെട്ടിയ ഇരുമ്പ് കമ്പിയിലേക്ക് ജോൺസണിന്റെ വീട്ടിലെ തൊഴുത്തിൽ നിന്ന് വയർ വലിച്ച് വൈദ്യുതി കടത്തിവിട്ടാണ് കെണി ഒരുക്കിയത്
നീർച്ചാലുൾപ്പെടെയുള്ള പറമ്പിൽ ഏതെങ്കിലും വിധത്തിൽ വെള്ളത്തിലേക്ക് വൈദ്യുതി വ്യാപിക്കാൻ ഇടയായിരുന്നെങ്കിൽ നിരവധിപ്പേർ അപകടത്തിൽപ്പെടുമായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |