ആലപ്പുഴ : ചെറിയ ഇടവേളയ്ക്ക് ശേഷം കാലവർഷം കനത്തതോടെ ജില്ല വെള്ളപ്പൊക്ക ഭീഷണിയിലായി . ഇന്നലെ കാലാവസ്ഥ അല്പം തെളിഞ്ഞ് നിന്നെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുന്നത് ആശങ്ക പരത്തുന്നു. കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കുട്ടനാട്ടിൽ കൈനകരി, തലവടി, ചമ്പക്കുളം, എടത്വ, മുട്ടാർ, വെളിയനാട്, രാമങ്കരി, മാമ്പുഴക്കരി. ചതുർത്ഥ്യാകരി, മങ്കൊമ്പ് എന്നീ ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നു. പലേടത്തും വീടുകളും സ്ഥാപനങ്ങളും വെള്ളക്കെട്ടിലാണ്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലടക്കം വെള്ളം കയറി. ഈ വർഷം ആദ്യമുണ്ടായ വെള്ളക്കെട്ട് പോലും ഇറങ്ങാത്ത അവസ്ഥയിലാണ് കൈനകരി പ്രദേശം. ഇപ്പോഴും വീടുകളിൽ വെള്ളമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ജലനിരപ്പ് വീണ്ടുമുയർന്നു. അപ്പർ കുട്ടനാട്ടിന്റെ പലഭാഗങ്ങളും വെള്ളത്തിലാണ്.
കാക്കാഴം മുതൽ പറവൂർ വരെ തീരത്ത് കടലാക്രമണവും ശക്തമാണ്. കൂറ്റൻ തിരമാലകൾ ശക്തിയായി തീരത്തേക്ക് അടിച്ചു കയറുന്നതിനാൽ കാക്കാഴം -വളഞ്ഞവഴി ഭാഗത്ത് പല വീടുകളും അപകട ഭീഷണിയിലാണ് . ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ്.
കരകയറാതെ കൈനകരി
ആഴ്ചകളായി വെള്ളത്തിലാണ് കൈനകരി പ്രദേശം. മറ്റ് പ്രദേശങ്ങളിലെല്ലാം വെള്ളം ഇറങ്ങിയിരുന്നെങ്കിലും കൈനകരിയിൽ വെള്ളക്കെട്ടിന് യാതൊരു ശമനവുമുണ്ടായിട്ടില്ല
സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് ക്ലാസിലെത്താൻ പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു
എല്ലാവർഷവും ഇതുതന്നെയാണ് കൈനകരിക്കാരുടെ അവസ്ഥ. ഇതിന് മാറ്റം വരണമെങ്കിൽ പാടശേഖരങ്ങളുടെ ബണ്ട് കാലവർഷത്ത അതിജീവിക്കുന്ന തരത്തിലാക്കണം
ജൂൺ ആദ്യം വെള്ളപ്പൊക്കമുണ്ടായപ്പോൾ വില്ലേജ് ഓഫീസർ എത്തിയതല്ലാതെ മേലധികാരികൾ ആരും എത്തിയില്ല. മുൻവർഷങ്ങളിൽ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു
ദുരിതാശ്വാസ ക്യാമ്പുകൾ- 3 (22 കുടുംബങ്ങൾ, 67 പേർ)
കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ - 24
നാശനഷ്ടം (മേയ് 25 മുതൽ ഇതുവരെ)
പൂർണമായി തകർന്ന വീടുകൾ - 24
ഭാഗികമായി തകർന്ന വീടുീൾ - 717
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കൈനകരി ഭാഗത്താണ് ഏറ്റവും വലിയ പ്രതിസന്ധി. മങ്കൊമ്പ് ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നലെമുതൽ നേരിയതോതിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
- ജിൻസി ജോളി, പ്രസിഡന്റ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |