കോഴിക്കോട്: അതിതീവ്ര മഴയിൽ ആശങ്കയോടെ തീരം. കൂറ്റൻ തിരമാല തീരത്തേക്ക് അടിച്ചു കയറിയതോടെ നിരവധി വീടുകളിൽ വെള്ളം കയറി. കോതി മുതൽ പുതിയാപ്പ വരേയുള്ള ഭാഗങ്ങളിൽ ശക്തമായ തിരയടിയുണ്ടായി. വടകരയിലും കൊയിലാണ്ടിയിലും കൂറ്റൻ തിരമാലകൾ തീരത്തേക്ക് ഇരച്ചു കയറി. ഭട്ട് റോഡ് ബീച്ച് , കോന്നാട് ബീച്ച്, പുതിയാപ്പ, കടലുണ്ടി, വെള്ളയിൽ തുടങ്ങിയ ഭാഗങ്ങളിലെ പല വീടുകളും കടലാക്രമണണ ഭീഷണിയിലാണ്. നിരവധി കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി. മറ്റ് ചിലർ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. ആർത്തലച്ചെത്തുന്ന തിരയടിയേറ്റ് വീടുകളിൽ കിടന്നുറങ്ങാനോ ഭക്ഷണം പാകം ചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്. പാത്രങ്ങളിലും വീട്ടുസാധനങ്ങളിലും ഉപ്പുവെള്ളം കയറി. തിരമാലകളിൽ നിന്ന് രക്ഷ നേടാൻ വീടുകൾക്ക് മുന്നിൽ വലിയ ഷീറ്റുകൾ വലിച്ച് കെട്ടിയിരിക്കുകയാണ് പലരും.ശക്തമായ തിരയിൽ പലയിടങ്ങളിലും കടൽഭിത്തി ഇടിഞ്ഞു.
ബീച്ചിൽ കടലാക്രമണം
കോഴിക്കോട് കടപ്പുറത്തുണ്ടായ കടലാക്രമണത്തിൽ ഉന്തുവണ്ടി മറിഞ്ഞ് നഷ്ടം. ഉച്ചയോടെ 20 മീറ്ററോളം കരയിലേക്ക് തിര അടിച്ച് കയറുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തിൽ ഉന്തുവണ്ടി മറിയുകയും ഉപ്പിലിട്ട സാധനങ്ങൾ ഉൾപ്പെടെ നിലത്ത് വീണ് നശിക്കുകയും ചെയ്തതായി കച്ചവടക്കാർ പറഞ്ഞു. ഇനിയും കടലേറ്റ സാദ്ധ്യതയുള്ളതിനാൽ ഉന്തുവണ്ടികൾ ഫൂട്ട്പാത്തിലേക്ക് മാറ്റി. ബീച്ച് പരിസരത്തെ ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. കാറ്റിന് ശക്തി കൂടിയാൽ കടലാക്രമണം രൂക്ഷമാകുമെന്നും കടൽ ഫൂട്ട്പാത്തിലേക്ക് വരെ ഉയർന്നേക്കാവുന്ന സാഹചര്യമാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ബീച്ചിൽ ഇറങ്ങുന്നതിന് സന്ദർശകർക്ക് വിലക്കുണ്ട്.
എന്നാൽ കടലേറ്റമുണ്ടായെന്ന് അറിഞ്ഞതോടെ സന്ദർശകർ വാഹനം നിർത്തി കടൽ കാണാൻ ഇറങ്ങുന്നതായും പരാതികളുണ്ട്.
കോർപ്പറേഷൻ ഓഫീസ്
വാതിൽ തകർന്നു
ശക്തമായ കാറ്റിലും മഴയിലും കോർപ്പറേഷൻ ഓഫീസിന്റ ചില്ലുവാതിൽ തകർന്നു. ഉച്ചയ്ക്ക് 2.15നാണ് സംഭവം. വൻ ശബ്ദത്തിൽ ഗ്ലാസ് തകർന്നുവീണതോടെ പരിഭ്രാന്തരായ ആളുകൾ സുരക്ഷിത ഭാഗത്തേക്ക് ഓടിമാറി. ആർക്കും പരിക്കില്ല.
ഒഴിയാതെ നാശം
ശക്തമായ മഴക്കൊപ്പം കെടുതികളും തുടരുന്നു. മാറാട് വെസ്റ്റ് മാഹിയിൽ ചുഴലിക്കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര പറന്നു വീണു. രാവിലെ എഴുമണിയോടെ ഉണ്ടായ കാറ്റിൽ പ്രദേശത്തെ തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങളും കടപുഴകി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഷീറ്റാണ് കാറ്റിൽ പറന്ന് സമീപത്തെ മാവിൽ തങ്ങി നിന്നത്. അപകടസമയത്ത് താമസക്കാർ ഇവിടെ ഇല്ലാത്തതിനാൽ ആളപായമുണ്ടായില്ല. പലയിടങ്ങളിലും മരം വീണും മതിൽ ഇടിഞ്ഞും അപകടങ്ങളുണ്ടായി. ജില്ലയിലെ പുഴകളും കരകവിഞ്ഞ് തുടങ്ങി. പൂനൂർ പുഴയുടെ പരിസരത്തുള്ളവർ ബന്ധുവീടുകളിലേക്ക് മാറി. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മിഷനും നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |