മഴ കനക്കുമ്പോൾ വിലങ്ങാട്ടുകാരുടെ ഉള്ളിൽ തീയാണ്. 2024 ജൂലായ് 30ലെ ഉരുൾപൊട്ടലിന്റെ ഞെട്ടലിലാണ് ഇപ്പോ ഴും ഇന്നാട്ടുകാർ. മഞ്ഞച്ചീളിയെന്ന ജനവാസകേന്ദ്രം ഇല്ലാതായ ഒരു ദിനം. പുലർച്ചെ ഒന്നേകാലിനായിരുന്നു ഉരുൾപൊട്ടൽ. മുക്കാൽ മണിക്കൂറിനുള്ളിൽ ഗ്രാമങ്ങൾ പലതും ഒലിച്ചുപോയി. മലതുരന്നെത്തിയ പ്രളയത്തിൽ പലർക്കും കിടപ്പാടം നഷ്ടമായി. ഇന്നും
രാത്രിയുറക്കം നഷ്ടപ്പെട്ട് ജീവൻ കെെയിൽപിടിച്ച് കഴിയുകയാണ് ഇവർ. കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടവരുടെ പൂർണമായ പുനരധിവാസം ഇപ്പോഴും തഥെെവ. ഇവരുടെ നിവേദനങ്ങളെല്ലാം വനരോദനങ്ങൾ. ഭീതിയിൽ കഴിയുന്ന ആദിവാസികളും കുടിയേറ്റ കർഷകരുമുൾപ്പെടുന്നവരുടെ തീരാദുരിതത്തെ പറ്റി പരമ്പര 'വിലങ്ങാടിന്റെ വിലാപം' ഇന്നു മുതൽ.
'മൂന്നു ദിവസമായി നല്ല മഴയാണിവിടെ. പലരും ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും മാറി. ഞങ്ങളുടെ ബന്ധുവീട് ദൂരെയാണ്. വാടകവീട് കിട്ടാനുമില്ല. കഴിഞ്ഞ ഉരുൾപൊട്ടലിൽ തകർന്ന വീട്ടിൽ തീ കത്തിക്കാനുള്ള സൗകര്യമുണ്ടാക്കി കഴിയുകയാണിവിടെ. സർക്കാർ ധനസഹായത്തിന്റെ ഒരു ലിസ്റ്റിലും ഞങ്ങളില്ല. അത്തരത്തിലുള്ള നിരവധിയാളുകൾ മഞ്ഞച്ചീളിയിലുണ്ട്. അതിൽ കിടപ്പുരോഗികളും വൃദ്ധരും നിത്യജീവിതത്തിന് വഴിയില്ലാത്തവരുമുണ്ട്. ഇവിടെ കിടന്നു ചത്താലും ഞങ്ങളിനി ക്യാമ്പിലേക്കില്ല.... മഞ്ഞച്ചീളിയിലെ ബീന ദേവസ്യയുടേതാണ് വാക്കുകൾ. കളക്ടറുടെ യോഗത്തിലും പലരെയും വിളിച്ചിട്ടില്ല. ഞങ്ങളുടെ പ്രശ്നം ആരും കാണുന്നില്ല. ഒരു സഹായവും കിട്ടിയിട്ടുമില്ല. ഒരു ലിസ്റ്റിലും ഞങ്ങളില്ല.... ബീനയുടെ കണ്ഠമിടറി.
കഴിഞ്ഞ വർഷം മഞ്ഞച്ചീളിയിലുണ്ടായ ഉരുൾപൊട്ടലിൽ കവുങ്ങുകൃഷി ചെയ്തിരുന്ന 30 സെന്റ് സ്ഥലവും വീടുമാണ് ബീന - സണ്ണി ദമ്പതിമാർക്ക് നഷ്ടപ്പെട്ടത്. വെള്ളയപ്പമുണ്ടാക്കി വിറ്റായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇതിനായി വീടിനോട് ചേർന്നുണ്ടാക്കിയ അടുക്കളയും വിലപിടിപ്പുള്ള ഗ്രെെൻഡറും മറ്റ് സാമഗ്രികളും ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. എട്ടു ലക്ഷം നഷ്ടമുണ്ടായി. ഞങ്ങളെ സഹായിക്കാൻ സർക്കാരിന് ഒരു ബാദ്ധ്യതയുമില്ലേ? ബീന ചോദിക്കുന്നു. മൂന്ന് പെൺമക്കളെയും വിവാഹം കഴിച്ചുകൊടുത്തു. കുടുംബിനികളായ അവർക്ക് ഞങ്ങളെ സഹായിക്കുന്നതിൽ പരിമിതിയുണ്ട്. ഭർത്താവ് ഓട്ടോയോടിക്കുന്നു.
ഉരുൾ പൊട്ടിയെത്തിയത് മുറ്റത്ത്
വീടിന് മുകളിൽ രണ്ട് ഇലക്ട്രിക് പോസ്റ്റ് വീണു. ഉരുൾ പൊട്ടി വന്നത് ഞങ്ങളുടെ മുറ്റത്തേക്കാണ്. എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥ. പരിസരത്തുള്ള 37 പേരാണ് ഞങ്ങളുടെ വീട്ടിൽ അഭയം തേടിയത്. 137 ടിപ്പർ മണ്ണും പാറക്കല്ലുകളും മുറ്റത്തു നിന്ന് കോരിയെടുത്തു. ഞങ്ങൾക്ക് രക്ഷപ്പെടാൻ പറ്റിയില്ല. ചുറ്റും വെള്ളമായിരുന്നു. ആരും ഇതൊന്നും കാണുന്നില്ല. സഹായിക്കുന്നില്ല. ഏറ്റവും അപകടാവസ്ഥയിലുള്ളതാണ് എന്റെ വീട്. മഴ പെയ്യാനിരിക്കുന്നതേയുള്ളൂ. ഏതവസ്ഥയിലാണ് വെള്ളം വരികയെന്നറിയില്ല. പകൽ എങ്ങനെയെങ്കിലും കഴിച്ചുകൂട്ടാം. കല്ലും മണ്ണും കുത്തിയൊലിക്കുന്നതിന്റെ വലിയ ശബ്ദം കേട്ട് രാത്രി ഉറങ്ങാനാകുന്നില്ല. പേടിയാണ് സാർ... ബീന പറയുന്നു.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |