കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പാവപ്പെട്ട രോഗികൾ ആശ്രയിച്ചിരുന്ന കാർഡിയോളജി, ന്യുറോളജി ഒ.പികൾ നിലച്ചു. ആശുപത്രി അധികൃതരുമായുള്ള ഭിന്നതയെ തുടർന്ന് നിലവിലുണ്ടായിരുന്ന കരാർ ഡോക്ടർമാർ ജോലി ഉപേക്ഷിച്ചുവെന്നാണ് സൂചന.
നേരത്തെ ഒരു വ്യാഴവട്ടക്കാലം പ്രത്യേകം കരാർ നൽകിയാണ് ആശ്രാമം ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗം പ്രവർത്തിച്ചിരുന്നത്. ഇതിന്റെ ഭാഗമായുണ്ടായിരുന്ന കാത്ത് ലാബിന്റെ ലൈസൻസ് സ്വകാര്യ ഏജൻസി പുതുക്കാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. ഹൃദ്രോഗ ചികിത്സ നിലച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെ താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച കാർഡിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ നടന്നിരുന്ന ഒ.പിയാണ് ഇപ്പോൾ നിലച്ചത്. ഒരു ദിവസം ശരാശരി നൂറുപേർ വരെ കാർഡിയോളജി ഒ.പിയിൽ എത്തിയിരുന്നതാണ്.
കൂട്ട സ്ഥലം മാറ്റത്തിൽ നേരത്തെയുണ്ടായിരുന്ന സ്ഥിരം ഡോക്ടർ മറ്റൊരിടത്തേക്ക് പോയതാടെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതായിരുന്നു ഇവിടെയുണ്ടായിരുന്ന ന്യൂറോളജിസ്റ്റിനെ. മൂന്നാഴ്ച മുമ്പ് രണ്ടാഴ്ചത്തെ അവധിക്ക് പോയ അദ്ദേഹം പിന്നീട് തിരികെ എത്തിയിട്ടില്ല. 50 മുതൽ 70 പേർ ഒരു ദിവസവും ന്യുറോ ഒ.പിയിൽ എത്തുമായിരുന്നു. രണ്ട് ഡോക്ടർമാരും രോഗികൾക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു.
രോഗികൾക്ക് ദുരിതം
കാർഡിയോളജി, ന്യുറോ ഒ.പികൾ നിലച്ചതറിയാതെ ഇപ്പോഴും ആശുപത്രിയിൽ പ്രായമേറിയ രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. ഇവരെ ജനറൽ മെഡിസിൻ ഡോക്ടർമാർ പരിശോധിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ഇ.എസ്.ഐ ആനുകൂല്യം ഉണ്ടായിട്ടും പ്രത്യേകിച്ച് ഗുണമില്ലാത്ത അവസ്ഥയാണ്. ജോലിക്കെത്താത്ത ഡോക്ടർമാരുമായി ചർച്ച നടത്താനോ പുതിയ നിയമനം നടത്താനോ ആശുപത്രി അധികൃതർ തയ്യാറാകുന്നുമില്ല.
കാർഡിയോളജി ഒ.പി
ശരാശരി എത്തുന്നത്-100 പേർ
നിലച്ചിട്ട് - 2 ആഴ്ച
ന്യുറോളജി ഒ.പി
എത്തുന്നത്-50-70 പേർ
നിലച്ചിട്ട് 3 ആഴ്ച
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |