ഷില്ലോംഗ്: മേഘാലയയിൽ മധുവിധു ആഘോഷിക്കുന്നതിനിടെ നവവരനെ കൊലപ്പെടുത്തിയ സംഭവത്തിൽ രാജാ രഘുവംശിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. അതിന്റെ ചിത്രം മേഘാലയ പൊലീസ് പുറത്തുവിട്ടു. രാജയെ കൊലപ്പെടുത്തിയതും ആസൂത്രണം ചെയ്തവരുമായി അഞ്ച് പ്രതികളാണുള്ളത്. ഇതിൽ വിശാൽ ചൗഹാൻ എന്നയാളാണ് രാജയെ ആദ്യം വടിവാൾ ഉപയോഗിച്ച് വെട്ടിയതെന്നും പൊലീസ് പറയുന്നു. ഗുവാഹാട്ടിയിലെ റെയിൽവേ പരിസരത്ത് നിന്ന് വാങ്ങിയ ഈ വടിവാൾ ഉപയോഗിച്ച് പലതവണ വെട്ടിയിട്ടുണ്ട്. രാജ പ്രതിരോധത്തിന് ശ്രമിച്ചെന്നും പൊലീസ് വൃത്തങ്ങളെ റിപ്പോർട്ട് ചെയ്തു.
അതിനിടെ,മധുവിധു യാത്രയ്ക്കിടെ ദമ്പതിമാർ ഒരു ട്രാവൽ വ്‌ളോഗറുടെ ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നു. ഇരുവരും ഒന്നിച്ചുള്ള അവസാന
വീഡിയോയെന്നാണ് കണ്ടെത്തൽ. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പുള്ള ദൃശ്യങ്ങളടങ്ങിയ വീഡിയോ കേസിന് നിർണായക തെളിവാകുമെന്നും കണക്കാക്കുന്നു. മേഘാലയ ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജിലേക്കുള്ള പാതയിലൂടെ ദമ്പതികൾ ട്രെക്ക് ചെയ്യുന്നതിന്റെ ഒരു വീഡിയോ ട്രാവൽ വ്‌ളോഗറായ ദേവ് സിംഗാണ് പങ്കിട്ടിരിക്കുന്നത്.
മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ രാജ രഘുവംശിയും സോനം രഘുവംശിയും മേഘാലയയിലേക്ക് മധുവിധു യാത്രപോകുകയും അവിടെ വച്ച് ഇവരെ കാണാതാകുകയുമായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ജൂൺ രണ്ടിനാണ് രാജയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് ഇത് സോനം ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നുവെന്ന് വ്യക്തമായത്. വിവാഹത്തിനു മുൻപുതന്നെ സോനത്തിന് കാമുകനെന്ന് പറയപ്പെടുന്ന രാജ് കുശ്വാഹയുമായി പ്രണയമുണ്ടായിരുന്നു. സോനത്തിന്റെ സഹോദരന്റെ ടൈൽസ് ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇരുപതുകാരനായ രാജ്. എന്നാൽ, വീട്ടുകാർ ബിസിനസുകാരനായ രാജാ രഘുവംശിയുമായി വിവാഹം നടത്തുകയായിരുന്നു.
മേയ് 11നായിരുന്നു രാജയും സോനവും തമ്മിലുള്ള വിവാഹം. ഏഴുദിവസം കഴിഞ്ഞ് 18ന് രാജയെ കൊലപ്പെടുത്താനുള്ള പദ്ധതി സോനവും കാമുകനും ചേർന്ന് ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി വിശാൽ ചൗഹാൻ, അനന്ത് കുമാർ, ആകാശ് രാജ്പുത് എന്നിവരെ രാജ് വാടകയ്‌ക്കെടുത്തു. 20ന് രാജയും സോനവും മേഘാലയയിലേക്ക് പുറപ്പെട്ടത്. അവിടെ മധുവിധുയാത്രയ്ക്കിടെ തങ്ങളുള്ള സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങൾ കൊലയാളികൾക്ക് നൽകിയത് സോനമായിരുന്നു.
സോനം സ്വമേധയാ കീഴടങ്ങിയതിന് പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് പ്രതികളായ രാജ് കുഷ്വാഹയെയും വിശാലിനെയും ഇൻഡോറിൽനിന്നും ആകാശിനെ ലളിത്പൂരിൽനിന്നും ആനന്ദിനെ ബിനയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
പുനർആവിക്ഷ്കാരം ഇന്ന്
രാജാ രഘുവംശിയുടെ കൊലപാതക രംഗം ഇന്ന് പുനർ ആവിക്ഷ്കാരിക്കും. ഇതിന്റെ ഭാഗമായി രാജയുടെ ഭാര്യ സോനം ഉൾപ്പെടെ കേസിലെ അഞ്ച് പ്രതികളെയും കൊലപ്പെടുത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |