പെരുങ്കടവിള: ആളൊഴിഞ്ഞ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി.പെരുങ്കടവിള ആലത്തൂര്‍ യക്ഷിഅമ്മന്‍ ക്ഷേത്രത്തിന് പിറകില്‍ വിജയകുമാറിന്റെ 'സ്വസ്ഥി' എന്ന വീട്ടിലായിരുന്നു മോഷണശ്രമം.തിങ്കളാഴ്ച പുലര്‍ച്ചെ 3ഓടെയായിരുന്നു സംഭവം.
ഹൈക്കോടതി ജീവനക്കാരന്‍ വിജയകുമാറും,വണ്ടാനം മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ ഭാര്യ ആശയും ആഴ്ചയിലൊരിക്കലേ വീട്ടിലെത്താറുള്ളൂ.ഇതറിയാവുന്ന അയല്‍വാസിയായ അമ്പനാട് മേലേ പുത്തന്‍വീട്ടില്‍ റോബിന്‍സണാണ് മോഷ്ടിക്കാന്‍ കയറിയത്.
ചാക്കില്‍ പഴയതുണികളുമായി എത്തിയ റോബിന്‍സണ്‍, വിജയകുമാറിന്റെ വീടിന്റെ പിന്‍വാതിലിന് കീഴിലായി തുണി കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.വാതില്‍ പകുതി കത്തിയപ്പോള്‍, അതുവഴി അകത്തേയ്ക്ക് കടന്ന് പാര ഉപയോഗിച്ച് മൂന്ന് വാതിലുകള്‍ കുത്തിത്തുറന്നു.മോഷണത്തിനായി ഉപയോഗിച്ച ഹെഡ്‌ലൈറ്റിന്റെ പ്രകാശമാണ് ഇയാളെ കുടുക്കിയത്.
ആളില്ലാത്ത വീടിനുള്ളില്‍ വെളിച്ചം കണ്ട സമീപവാസികള്‍ സംഘടിച്ച് ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടാവിനെ നാട്ടുകാര്‍ മാരായമുട്ടം പൊലീസിന് കൈമാറി.വീട്ടില്‍ ചാരായം വാറ്റിയ കേസില്‍ ഇയാളെ മാരായമുട്ടം പൊലീസ് മുന്‍പ് പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ റോബിന്‍സനാണെന്നാണ് നാട്ടുകാരുടെ സംശയം.മാരായമുട്ടം പൊലീസ് കേസെടുത്തു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |