അഹമ്മദാബാദ്: വിമാനം തകർന്നുവീണ ബി.ജെ ഗവൺമെന്റ് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥികളും ജീവനക്കാരും രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കെട്ടിടത്തിൽ പതിച്ച വിമാനം അഗ്നിഗോളമായിരുന്നു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇത്രയും വലിയ കെട്ടിടത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്നത് അത്ര എളുപ്പമല്ല. വളരെ ശ്രമകരമായി ബാൽക്കണിവഴി അലറിക്കരഞ്ഞുകൊണ്ട് താഴോട്ടിറങ്ങുകയാണ് ആളുകൾ. 30 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ.
A distressing video has emerged showing medical students at BJ Medical College hostel in #Ahmedabad desperately jumping from balconies to escape following the catastrophic Air India #planecrash crash on June 12!!
— Indian Doctor🇮🇳 (@Indian__doctor) June 17, 2025
Although no media is highlighting this..#MedTwitter pic.twitter.com/iBAqn8xngc
കത്തിയമർന്ന വിമാന അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് യാത്രക്കാരനായ രമേശ് വിശ്വാസ് അത്ഭുതകരമായി രക്ഷപ്പെട്ട് പുറത്തുവരുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. വിമാനം തകർന്നു വീണ് ആളിക്കത്തിയ മെഡിക്കൽ കോളേജ് കാമ്പസിനുള്ളിൽ നിന്ന് രമേശ് നടന്നു വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തീ കാരണം അടുക്കാനാകാതെ മാറി നിന്ന ആളുകൾ അത്ഭുതത്തോടെ രമേശിനെ കാണുന്നതും കൂട്ടിക്കൊണ്ടുപോകുന്നതും കാണാം.
വിമാന അപകടത്തിൽ കൊല്ലപ്പെട്ട 119 പേരുടെ മൃതദേഹങ്ങൾ കൂടി ഡി എൻ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ദുരന്തത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണിയുടെ മൃതദേഹം ഇന്നലെ രാജ്‌കോട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചിരുന്നു.
അതേസമയം, വിമാന അപകടത്തിന്റെ പശ്ചാതലത്തിൽ ഡി ജി സി എ നിർദ്ദേശ പ്രകാരം എയർ ഇന്ത്യയുടെ 787 സീരീസ് ഡ്രീംലൈനർ വിമാനങ്ങളുടെ പരിശോധന തുടരുകയാണ്. എൻജിൻ, ഫ്ലാപ്പുകൾ, ഗിയർ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. 22 വിമാനങ്ങൾ പരിശോധിച്ചതിൽ കാര്യമായ തകരാറുകൾ കണ്ടെത്തിയിട്ടില്ല. 33 ഡ്രീംലൈനറുകളാണ് എയർ ഇന്ത്യയ്‌ക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |