തിരുവനന്തപുരം: മലപ്പുറത്തടക്കം പ്ളസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. മുൻവർഷത്തെപ്പോലെ ഈ വർഷവും സീറ്റുകൾ ഒഴിവ് വരും. ഇത്തരത്തിൽ സ്ഥിരമായി ഒഴിവ് വരുന്ന സീറ്റുകൾ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ചർച്ചചെയ്യുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യഘട്ട അലോട്ട്മെന്റുകളിൽ ജൂൺ 16 ന് വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് മെരിറ്റ് ക്വാട്ടയിൽ സ്ഥിരപ്രവേശനം നേടിയത് 2,11,785 പേരാണ്. സ്പോർട്സ് ക്വാട്ടയിൽ 3,428ഉം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 1,045ഉം കമ്മ്യൂണിറ്റിക്വാട്ടയിൽ 13,609ഉം മാനേജ്മെന്റ് ക്വാട്ടയിൽ 6,840ഉം അൺ എയ്ഡഡ് ക്വാട്ടയിൽ 3,826 പേരും സ്ഥിരപ്രവേശനം നേടി.
കമ്മ്യൂണിറ്റി
തെറ്റിച്ചവർക്ക്
തിരുത്താം
കമ്മ്യൂണിറ്റി തെറ്റായി രേഖപ്പെടുത്തിയതിനാൽ പ്രവേശനം നിരസിക്കപ്പെട്ടവർക്ക് തെറ്റുകൾ തിരുത്തി സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കൻസിയും വിശദാംശങ്ങളും 28ന് പ്രസിദ്ധീകരിക്കും. സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തീകരിച്ച് പ്രസ്തുത ക്വാട്ടകളിലെ വേക്കൻസികൾകൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷകൾ ക്ഷണിക്കുന്നത്.
സേ പരീക്ഷ
പ്ലസ് ടു സേ പരീക്ഷ 23 മുതൽ 27 വരെ നടക്കും. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലെ 572 സെന്ററുകളിലായി 1,19,057 വിദ്യാർത്ഥികൾ പരീക്ഷയെഴുതും.
ഒന്നാംക്ളാസിൽ ചേർന്നവരുടെ എണ്ണം കുറഞ്ഞു
2-10 ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിൽ 40,906ന്റെ വർദ്ധന
തിരുവനന്തപുരം:ഈ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ്. മുൻവർഷത്തേതിൽ നിന്ന് 16,510 കുട്ടികളാണ് കുറഞ്ഞത്. 2024-25 അദ്ധ്യയനവർഷം 2,50,986 കുട്ടികളാണ് ഒന്നാംക്ലാസിൽ ചേർന്നത്.എന്നാൽ ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ച് ഈ അദ്ധ്യയനവർഷം 2,34,476 പേരാണ് ചേർന്നത്.
അൺഎയ്ഡഡ് സ്കൂളിൽ ഒന്നാംക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ ഒരു കുട്ടിയുടെ വർദ്ധനവേയുള്ളൂ. കഴിഞ്ഞവർഷം 47,862 കുട്ടികളായിരുന്നു.ഈ വർഷം അത് 47,863 ആയി.എന്നാൽ സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ രണ്ടു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിൽ 40,906ന്റെ വർദ്ധനയുണ്ട്. കഴിഞ്ഞവർഷം 28,86,607 കുട്ടികളായിരുന്നു.ഈ വർഷം ഇത് 29,27,513 ആയി ഉയർന്നു.
കാരണം ജനനനിരക്കിലെ കുറവ്: മന്ത്രി
ജനനനിരക്കിലെ കുറവാണ് സ്കൂൾ പ്രവേശനത്തിൽ പ്രതിഫലിച്ചതെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.2010ലെ ജനനനിരക്ക് 15.75 ശതമാനമായിരുന്നപ്പോൾ 2020ലെ ജനനനിരക്ക് 12.77 ശതമാനം മാത്രമാണ്.2020ൽ ജനിച്ചവരാണ് ഈ വർഷം ഒന്നാംക്ലാസിലെത്തിയത്. ജനനനിരക്കിൽ 2.98 ശതമാനത്തിന്റെ കുറവുണ്ടായി.അതേസമയം, കൊവിഡിനും പ്രളയത്തിനും ശേഷം പൊതുവിദ്യാലയങ്ങളിൽ കൂടുതലായെത്തിയ കുട്ടികൾ പിന്നീട് ടി.സി വാങ്ങിപ്പോയെന്ന് മന്ത്രി സമ്മതിച്ചു. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.എന്നാൽ, ഈ അദ്ധ്യയനവർഷം സ്കൂളിലെത്തിയവരുടെ ക്ലാസ് തിരിച്ചുള്ള കണക്കുകൾ പുറത്തുവിടാൻ വകുപ്പ് തയാറായിട്ടില്ല.
സ്പോർട്ടസ് ക്വാട്ട സപ്ലിമെന്ററി അലോട്ടമെന്റ്
തിരുവനന്തപുരം: മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ടേഷൻ നടത്തി സ്കോർ കാർഡ് നേടാൻ കഴിയാത്തവർ ഇന്ന് മുതൽ 20ന് വൈകിട്ട് അഞ്ച് വരെ ജില്ലാ സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് സ്കോർകാർഡ് നേടണം.
മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും, പുതിയതായി സ്കോർകാർഡ് നേടുന്നവർക്കും സപ്ലിമെന്ററിഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കാനുള്ള സൗകര്യം കാൻഡിഡേറ്റ് ലോഗിനിലെ Renewal Application ലിങ്കിൽ ലഭ്യമാണ്. പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ Create Candidate Login-Sports എന്ന ലിങ്കിലൂടെ Candidate Login-Sports രൂപീകരിക്കണം. പ്രവേശനത്തിനുള്ള തുടർപ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെ നിർവഹിക്കാം. ജൂൺ 19 മുതൽ 21ന് വൈകിട്ട് നാല് വരെ ഇത്തരത്തിൽ അപേക്ഷിക്കാം. വേക്കൻസി അഡ്മിഷൻ www.hscap.kerala.gov.in 19 ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |