കോന്നി : വനംവകുപ്പിന്റെ തടസവാദം മൂലം പൂച്ചക്കുളം തേനരുവി വെള്ളച്ചാട്ടം ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി മുടങ്ങി. 2023ൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൽ നിന്ന് 98.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും പദ്ധതി നടത്തിപ്പിൽ ഒരു പുരോഗതിയുമുണ്ടായില്ല. സമീപവാസികളായ മൂന്നുപേർ പദ്ധതിക്കായി 10 സെന്റ് ഭൂമി ഗ്രാമ പഞ്ചായത്തിന് സൗജന്യമായി നൽകിയിരുന്നു. എന്നാൽ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശത്തെ 19 മീറ്റർ വനഭൂമിയിലാണ് എന്ന കാരണത്താൽ വനംവകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു.
തണ്ണിത്തോട് പഞ്ചായത്തിലെ കരിമാൻതോട്ടിൽ നിന്ന് കാട്ടിലൂടെ അൽപം നടന്നാൽ വെള്ളച്ചാട്ടത്തിലെത്താം. കരിമ്പാറ കൂട്ടത്തിൽ തട്ടിയൊഴുകുന്ന മുത്തുമണികൾ പോലെയുള്ള വെള്ളച്ചാട്ടം നയനാനന്ദകരമാണ്. തുടർച്ചയായി മഴ പെയ്യുമ്പോൾ വെള്ളച്ചാട്ടത്തിന് ഭംഗിയേറി. നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. ഇരുനൂറടിയോളം ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. കരിമാൻതോട്ടിൽ നിന്ന് രണ്ടര കിലോമീറ്റർ മാറി പൂച്ചക്കുളം പാലത്തിന് സമീപമാണ് വെള്ളച്ചാട്ടം.ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഇവിടെ ഡസ്റ്റിനേഷൻ ചലഞ്ച് പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചത്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. തേക്കുതോട്, കരിമാൻതോട് മേഖലയിലെ വ്യാപാരസ്ഥാപനകൾക്കും ടാക്സി തൊഴിലാളികൾക്കും പദ്ധതി നടപ്പായാൽ പ്രയോജനം ലഭിക്കുമായിരുന്നു. പദ്ധതിയുടെ പൂർത്തീകരണ കാലാവധി 18 മാസമായിരുന്നു.
ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച്
വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ടൂറിസം ഡസ്റ്റിനേഷൻ ചലഞ്ച്. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷനെങ്കിലും വികസിപ്പിക്കുന്നതായിരുന്നു പദ്ധതി.
98.30 ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ച പദ്ധതി
വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശത്തെ 19 മീറ്റർ
വനഭൂമിയാണെന്ന കാരണത്താൽ വനംവകുപ്പ്
തടസവാദം ഉന്നയിച്ചു.
വനംവകുപ്പിന്റെ തടസവാദം മൂലം മുടങ്ങിയ പദ്ധതി നടപ്പാക്കാൻ അധികൃതർ
നടപടി സ്വീകരിക്കണം.
സുഗതൻ.പി.ജെ,
പുത്തൻപുരക്കൽ
(പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |