തൃശൂർ : അജൻഡ ചർച്ച ചെയ്യാതെ കൗൺസിൽ അവസാനിപ്പിച്ച മേയറുടെ നടപടിക്ക് പിന്നാലെ ചേംബറിൽ മേയറെ തടഞ്ഞ് കോൺഗ്രസും ബി.ജെ.പിയും. പൊലീസ് സഹായത്തോടെ പുറത്തുകടക്കാൻ ശ്രമിച്ചതോടെ കോൺഗ്രസ് കൗൺസിലർമാരും പൊലീസും തമ്മിൽ ഉന്തും തള്ളും. ഇന്നലെ വൈകിട്ടത്തെ അടിയന്തര കൗൺസിൽ യോഗമാണ് പ്രക്ഷുബ്ധമായത്. അഞ്ച് അജണ്ടകളിൽ ആദ്യത്തെ ഇനമായ അയ്യന്തോളിലെ കാലപ്പഴക്കം ചെന്ന കോർപറേഷന്റെ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ നീണ്ടതോടെ മേയർ ഇടപെടുകയായിരുന്നു. എൻജിനിയറിംഗ് വിഭാഗം കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിട്ടും കൗൺസിലർമാർ അഭിപ്രായങ്ങൾ പറയുന്നതിനിടെ മറ്റ് അജണ്ട വായിച്ച് മേയർ സ്ഥലം വിട്ടു. കെട്ടിട നികുതി വർദ്ധിപ്പിച്ച നടപടിക്കെതിരെ 200 ഓളം പേർ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചതും ഇതിനെതിരെ അപ്പിൽ നൽകുന്ന കാര്യം ഉൾപ്പെടെ മുൻകൂർ അനുമതിക്കായുള്ള അജണ്ടകൾ ചർച്ച ചെയ്യാതെയാണ് മേയർ കൗൺസിൽ അജണ്ട വായിച്ച് അവസാനിപ്പിച്ചത്. പെട്ടെന്ന് കൗൺസിൽ വിട്ട മേയറുടെ നടപടിയിൽ ഭരണപക്ഷത്തും മുറുമുറുപ്പുണ്ടായി. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയേൽ, വിനോദ് പൊള്ളാഞ്ചേരി, പൂർണിമ സുരേഷ്, പി.കെ.ഷാജൻ, വർഗീസ് കണ്ടംകുളത്തി, ലാലി ജയിംസ്, സിന്ധു ആന്റോ, കെ.രാമനാഥൻ എന്നിവർ സംസാരിച്ചു.
മേയറെ വളഞ്ഞ് പ്രതിപക്ഷം
ചേംബറിലേക്ക് മടങ്ങിയ മേയറെ പ്രതിപക്ഷം വളഞ്ഞു. കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ വളഞ്ഞ് മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഹാളിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇതിനിടെ ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തിൽ ഓഫീസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് കൗൺസിലർമാർ മേയറെ പുറത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഓഫീസിനുള്ളിൽ കിടന്നു. ഇതോടെ ഈസ്റ്റ് സി.ഐ ജിജോ, എസ്.ഐ ബിബിൻ കെ.നായർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
പൊലീസ് വലയത്തിൽ മേയർ, വിടാതെ പ്രതിപക്ഷം
വാർത്താസമ്മേളനം നടത്തുന്നതിന് പുറത്തേക്ക് കടന്ന മേയറെ വനിതാ കൗൺസിലർ അടക്കമുള്ളവർ പുറത്തേക്ക് കടക്കാൻ അനുവദിക്കാതെ വലയം തീർത്തു. ബി.ജെ.പി കൗൺസിലർമാരും പ്രതിഷേധമുയർത്തി. ഇതോടെ പൊലീസ് വലയത്തിൽ പുറത്തേക്ക് മേയർ എം.കെ.വർഗീസ് കടന്നതോടെ നാടകീയ രംഗങ്ങൾ അരങ്ങേറി. വനിതാ കൗൺസിലർമാരടക്കം മേയർക്കെതിരെ ശക്തമായി രംഗത്തെത്തി. ഇതിനിടെ എ.കെ.സുരേഷുമായി ഈസ്റ്റ് എസ്.ഐ ബിബിൻ കെ.നായർ വാക്കുതർക്കമുണ്ടാക്കിയത് പ്രശ്‌നം വഷളാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |