ലക്ഷ്യം നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തടയൽ
പത്തനംതിട്ട: വന്യമൃഗങ്ങൾക്ക് വനത്തിൽ ഭക്ഷണമൊരുക്കുന്ന വനംവകുപ്പിന്റെ വിത്തുണ്ട പദ്ധതിക്ക് തുടക്കം. മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. പലതരം ഫലവൃക്ഷങ്ങളുടെയും പുല്ലുകളുടെയും വിത്തുകൾ ഉൾപ്പെടുത്തിയ വിത്തുണ്ടകൾ വനത്തിൽ വിതറും. ഇവ വളർന്ന് മൃഗങ്ങൾക്ക് കാട്ടിൽത്തന്നെ ആഹാരമാകും.
ജനവാസമേഖലയിലെ കൈതയുടെയും ചക്കയുടെയും മറ്റും മണം പിടിച്ച് നാട്ടിലെത്തുന്ന കാട്ടാനകളെ ഉൾപ്പെടെ ഇതിലൂടെ തടയാനാകും. ഒരുമാസം കൊണ്ട് നാലുലക്ഷം വിത്തുണ്ടകൾ ഉൾവനത്തിൽ വിതറും. വനസംരക്ഷണ സമിതികൾ, പരിസ്ഥിതി ക്ളബ്ബുകൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, എസ്.പി.സി, എൻ.സി.സി, ഹരിതകർമ്മ സേന എന്നിവയുടെ സഹകരണത്തോടെയാണ് വിത്തുണ്ടകൾ വിതറുന്നത്. ഒരു വനംഡിവിഷനിൽ 15 ദിവസം വരെ നീണ്ടുനിൽക്കുന്ന പദ്ധതി, ആഗസ്റ്റ് 15ന് പൂർത്തിയാക്കും. ഒരു വിത്തുണ്ടയിൽ നിന്ന് കുറഞ്ഞത് രണ്ടു തൈകൾ വളരുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളിലായി നാലുലക്ഷം വിത്തുണ്ടകൾ വിതറും. ഒരു ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കുറഞ്ഞത് രണ്ടു ഹെക്ടർ സ്ഥലത്താകും ഇത്.
വിത്തുണ്ടയിൽ
ഞാവൽ, കാട്ടുപ്ളാവ്, മാവ്, നെല്ലി, അത്തി, ഇലഞ്ഞി, കറുക തുടങ്ങിയവ
മണ്ണും കമ്പോസ്റ്റ് വളവും ചേർത്ത് കുഴച്ചുരുട്ടി അതിൽ വിത്തുകൾ വച്ചാണ് തയ്യാറാക്കുന്നത്. ജാപ്പനീസ് പ്രകൃതി കൃഷി പ്രചാരകനായ മസനോബു ഫുകുവോക്കയാണ് ഉപജ്ഞാതാവ്.
കൈത വേണ്ടെന്ന് വനംവകുപ്പ്
വനാതിർത്തികളിലെ കൈതക്കൃഷി നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണമെന്ന് വനംവകുപ്പ്. വന്യജീവികളെ ആകർഷിക്കുന്ന കൈത കൃഷിയാണ് മനുഷ്യ- വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
വിത്തുണ്ട പദ്ധതി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കും.
- വിനോദ് കുമാർ,
വനംവകുപ്പ് നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |