പറവൂർ: പവിത്രൻ പത്രം നിവർത്തിയാൽ ചുറ്റും ആളു കൂടും. സ്കൂൾ കുട്ടികൾ മുതൽ വൃദ്ധർ വരെ ഇക്കൂട്ടത്തിലുണ്ടാകും. പിന്നെ, ഇടയ്‌ക്കിടെ ചൂടുചായ ഉൗതിക്കുടിച്ച് ഉച്ചാരണ ശുദ്ധിയോടെ ഉറക്കെ വായന തുടങ്ങുകയായി. പ്രധാന വാർത്തകളും പ്രാദേശിക വാർത്തകളും മുഖപ്രസംഗവുമെല്ലാം വിടാതെ വായിക്കും.
കോട്ടുവള്ളി കൈതാരം പടേശൻപറമ്പിൽ പവിത്രൻ (75) പ്രദേശത്തെ ചായക്കടകൾ കേന്ദ്രീകരിച്ച് മറ്റുള്ളവർക്കു വേണ്ടി പത്രവായന തുടങ്ങിയിട്ട് അര നൂറ്റാണ്ടായി. ഇപ്പോൾ നാലിടങ്ങളിലെങ്കിലും മുടങ്ങാതെ വായിക്കും. മുമ്പ് ആറും ഏഴും സ്ഥലങ്ങളിൽ വായിച്ചിരുന്നു. വായന കേൾക്കാൻ കാതോർക്കുന്നവരിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്.
മുമ്പ് ഇരുപതും മുപ്പതും പേരൊക്കെ വായന കേൾക്കാനുണ്ടായിരുന്നു. ഇന്ന് കേൾവിക്കാർ കുറഞ്ഞെങ്കിലും വായന അവസാനിപ്പിക്കാൻ പവിത്രൻ തയ്യാറല്ല.
രാവിലെ ഏഴരയോടെ വീട്ടിൽ നിന്ന് സൈക്കിളിൽ യാത്ര പുറപ്പെട്ടാൽ ആദ്യം കൈതാരം സ്കൂൾപടിയിലാണ് വായന. രണ്ടും മൂന്നും പത്രം അവിടെ വായിക്കും. പത്ത് മണിയോടെ ബ്ളോക്കുപടിയിലെ ഖദീജയുടെ ചായക്കടയിലും പിന്നീട് കോതകുളത്തെ വിവേകിന്റെ ചാക്കടയിലുമാണ് വായന. ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കു മടങ്ങും. വൈകിട്ട് വീണ്ടും കൂനമ്മാവ് ആശുപത്രിപ്പടിയിലെ തങ്കച്ചന്റെ ചായക്കടയിൽ പത്രവായനയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ സമയം എട്ടുമണിയെങ്കിലും ആയിട്ടുണ്ടാകും.
സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്ന പവിത്രൻ തികഞ്ഞ ശ്രീനാരായണിയനാണ്. വെസ്റ്ര് കൈതാരം എസ്.എൻ.ഡി.പി ശാഖാ കമ്മിറ്റിയംഗമായിരുന്നു. പത്രവായന തുടരാനുള്ള എല്ലാ പിന്തുണയും നൽകുന്നത് ഭാര്യ ഇന്ദിരയും മക്കളായ വിപിൻദാസും പ്രദുൽരാജുമാണ്. ജീവിതാവസാനം വരെ ഉച്ചത്തിൽ പത്രവായന നടത്തണമെന്നാണ് പവിത്രന്റെ ആഗ്രഹം.
പല പത്രം വായിക്കാൻ
ഒന്നിലേറെ ചായക്കടകൾ
1975ലാണ് പത്രവായന തുടങ്ങിയത്. പല പത്രങ്ങൾ വായിക്കാനായാണ് ഒന്നിലേറെ ചായക്കടകളിൽ വായന തുടങ്ങിയത്. കേൾവിക്കാർ കൂടിയതോടെ അതൊരു ഹരമായി. ന്യൂസ് ചാനലുകളും ഓൺലൈൻ വാർത്തകളും എത്തിയെങ്കിലും പവിത്രനെ വായനയിൽ നിന്ന് പിന്തിരിപ്പാക്കാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |