ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിൽ നിലനിന്നിരുന്ന നയതന്ത്ര തർക്കങ്ങൾക്ക് പരിഹാരമാകുന്നു. ജി -7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ, 2024 ഒക്‌ടോബറിൽ ഇരുരാജ്യങ്ങളും ഹൈക്കമ്മിഷണർമാരെ തിരിച്ചുവിളിച്ച നടപടി പുനഃപരിശോധിക്കാൻ ധാരണയായി. ഹൈക്കമ്മിഷണമാരില്ലാത്തതു കാരണം മന്ദഗതിയിലായ വിസാനടപടികൾ പഴയപടിയാക്കും. പൗരന്മാർക്കും ബിസിനസുകാർക്കും ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കും.
ഇന്ത്യാ വിരുദ്ധൻ ജസ്റ്റിൻ ട്രൂഡോയുടെ ഭരണമാറ്റത്തെ തുടർന്ന് മോദി നടത്തിയ നിർണായക നീക്കമാണ് വിജയം കാണുന്നത്. പരസ്പര ബഹുമാനം, നിയമവാഴ്ച തുടങ്ങിയവയെ അടിസ്ഥാനമാക്കി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനമായെന്നും കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാർണി പ്രധാനമന്ത്രിയായ ശേഷം മോദിയുമായുള്ള ആദ്യ കൂടിക്കാഴ്‌ചയാണിത്.
വ്യാപാരക്കരാർ: ചർച്ച
പുനഃരാരംഭിക്കും
കാനഡയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് മോദി. വ്യാപാരം, ഊർജം, ബഹിരാകാശം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണം ഉറപ്പാക്കും
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനും വ്യാപാര കരാറിനുമുള്ള ചർച്ചകൾ പുനഃരാരംഭിക്കാനും ധാരണ. കൂടുതൽ ഇടപെടലുകൾക്കായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും
2015നു ശേഷം വീണ്ടും കാനഡ സന്ദർശിക്കാനും ജനങ്ങളുമായി ബന്ധപ്പെടാനും അവസരം ലഭിച്ചതിൽ സന്തോഷം. ജി- 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചതിന് നന്ദി.
-നരേന്ദ്രമോദി,
പ്രധാനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |