ന്യൂഡൽഹി: ഒരുകാലത്ത് ഏവിയേഷൻ മേഖലയിലെ വിശ്വാസ്യതയുടെ പേരായിരുന്നു ബോയിംഗ്. എന്നാൽ ലാഭം കൂട്ടാൻ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന ആരോപണം തുടർച്ചയായി നേരിടുകയാണ് യു.എസിലെ മൾട്ടി നാഷണൽ കോർപ്പറേറ്റ് കമ്പനി. അഹമ്മദാബാദ് ദുരന്തം ബോയിംഗ് വിമാനത്തിലെ യാത്ര സുരക്ഷിതമോയെന്ന ചോദ്യം വീണ്ടും ഉയർത്തിയിരിക്കുകയാണ്. ബോയിംഗ് 787 ഡ്രീം ലൈനർ ശ്രേണിയിൽപ്പെട്ട വിമാനത്തിന്റെ ആദ്യ അപകടമാണ് അഹമ്മദാബാദിലുണ്ടായത്. ഡ്രീംലൈനർ മാത്രമല്ല, ബോയിംഗ് 737 മാക്‌സ് വിമാനങ്ങളും അപകടങ്ങളിൽപ്പെട്ടിരുന്നു. 2018ൽ ഇന്തോനേഷ്യയിൽ പറന്നുയർന്നയുടൻ അപകടത്തിൽപ്പെട്ട് 189 പേരാണ് മരിച്ചത്. 2019ൽ എത്യോപ്യയിലും പറന്നുയർന്നതിന് പിന്നാലെയായിരുന്നു ബോയിംഗ് 737 മാക്‌സ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചു. ഈ ശ്രേണിയിൽപ്പെട്ട 387 വിമാനങ്ങളുടെ സർവീസ് ലോകവ്യാപകമായി നിർത്തിവച്ചു. പിഴവുകൾ തിരുത്തിയതിനു ശേഷമാണ് വീണ്ടും സർവീസിന് അനുമതി ലഭിച്ചത്. 2024 ജനുവരിയിൽ അലാസ്‌ക എയർലൈൻസ് ബോയിംഗ് വിമാനം പറക്കുന്നതിനിടെ വാതിലിലെ പ്ലഗ് പൊട്ടിത്തെറിച്ചത് സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങളുയർത്തി.
പ്രധാനമായും മെക്കാനിക്കൽ തകരാറുകളാണ് അപകടത്തിൽപ്പെട്ട വിമാനങ്ങളിൽ കണ്ടെത്തിയത്. ഡിസൈനിലെ പോരായ്‌മകൾ, പൈലറ്റുമാർക്കുള്ള പരിശീലനത്തിലെ കുറവ് എന്നിവയും പ്രകടമായി. വിമാനങ്ങൾ ഡിസൈൻ ചെയ്യുന്നത് കോമാളികളാണെന്ന് ബോയിംഗ് ജീവനക്കാർ തന്നെ ഉന്നതർക്ക് ഇമെയിലുകൾ അയച്ചു. തങ്ങളുടെ കുടുംബത്തെ ബോയിംഗ് വിമാനത്തിൽ യാത്ര ചെയ്യാൻ സമ്മതിക്കില്ലെന്ന് ചില ജീവനക്കാർ നിലപാടെടുത്തതും ചർച്ചയായി.
ഇന്നലെ മൂന്ന് രാജ്യാന്തര സർവീസുകൾ റദ്ദാക്കി
അഹമ്മദാബാദ് ദുരന്തത്തിന് ശേഷം ഇതുവരെ റദ്ദാക്കിയത് 66ൽപ്പരം ബോയിംഗ് ഡ്രീംലൈനർ സർവീസുകൾ. സാങ്കേതിക തകരാറുകൾ, കടുത്ത സുരക്ഷാ പരിശോധന തുടങ്ങിയവയാണ് കാരണമായി പറയുന്നത്. എയർ ഇന്ത്യയുടെ മൂന്ന് രാജ്യാന്തര വിമാന സർവീസുകൾ ഇന്നലെ റദ്ദാക്കി. ടൊറന്റോ - ഡൽഹി, ദുബായ് - ഡൽഹി വിമാനങ്ങളിൽ യാത്രക്കാരെ ബോർഡ് ചെയ്‌ത ശേഷം പുറത്തിറക്കി. സാങ്കേതിക കാരണങ്ങളാണ് എയർ ഇന്ത്യ പറയുന്നത്. ബാലിയിൽ അഗ്നിപർവത സ്‌ഫോടനമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡൽഹി - ബാലി സർവീസും റദ്ദാക്കി. ബാലിക്ക് തിരിച്ച വിമാനത്തെ തിരികെ ഡൽഹിക്ക് വിളിച്ചുവരുത്തുകയായിരുന്നു. അതേസമയം, രാജ്യത്തെ മുൻ വിമാനാപകടങ്ങളും കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതതല സമിതി പരിശോധിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |