കോട്ടയം : കനത്ത മഴയ്ക്ക് പിന്നാലെ ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി തുടങ്ങി. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവയുടെ സാന്നിദ്ധ്യം കൂടുതൽ. പറമ്പുകളും കാനകളുമൊക്കെ കടന്ന് വീടുകളുടെ ചുമരിലും വീടുകങ്ങളിൽ വരെയുമെത്തി. ഇവയുടെ ദേഹത്തിൽ നിന്ന് പുറത്ത് വരുന്ന ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്‌കജ്വരം വരെയുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു.
പുറംതോട് ശംഖ് പോലിരിക്കുന്നത് കുട്ടികളിൽ കൗതുകമുണ്ടാക്കാനിടയുള്ളതിനാൽ കരുതിയിരിക്കണം. പ്രതികൂല കാലാവസ്ഥയിൽ മൂന്ന് വർഷം വരെ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവയെ നശിപ്പിക്കുക അത്ര എളുപ്പവുമല്ല. ലോകത്തിലെ ഏറ്റവും വലിയ ഒച്ചെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് കൃഷിയുൾപ്പെടെ എന്തും നശിപ്പിക്കാൻ കഴിയും.
ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ തുടങ്ങിയവയുടെ ഇലകൾ ഒച്ചുകൾ തിന്നുതീർക്കുകയാണെന്ന് കർഷകർ പറയുന്നു. കോട്ടയം കോടിമത ടി.ബി റോഡിന് സമീപത്തായുള്ള വീടുകളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ ഗുഡ്ഷെഡ് ഭാഗത്ത് ഇവ വ്യാപകമായിരുന്നു. ഉപ്പ് വിതറി കൊല്ലുക അസാദ്ധ്യമാണ്.
മഴക്കാല പൂർവ ശുചീകരണം പാളി
മഴക്കാലപൂർവ ശുചീകരണങ്ങൾ പാളിയതാണ് ആഫ്രിക്കൻ ഒച്ചിന്റ ശല്യം കൂടാൻ കാരണമെന്ന പരാതിയുണ്ട്. പ്രതിരോധനടപടികൾ ഏകോപിപ്പിക്കാനും സംവിധാനമില്ല. കുരുമുളകിന്റെ അത്രയും വലുപ്പമുള്ള ഒച്ചിന്റെ കുഞ്ഞുങ്ങൾ പച്ചില തിന്നു ദിവസങ്ങൾക്കുള്ളിൽ വലിപ്പം വയ്ക്കും. മരങ്ങളിലും ഇവ വ്യാപിക്കുന്നുണ്ട്. വിറകുപുരകൾ, ഷെഡുകൾ, കുളിമുറികൾ ഇവിടെയൊക്കെ എത്തുന്നു. രൂക്ഷമായ ദുർഗന്ധവുമുണ്ട്. ഇവയുടെ ശല്യം രൂക്ഷമായിട്ട് ഒരു മാസത്തിലേറെയായി.
കരുതൽ പ്രധാനം
ഗ്ലൗസ് ഉപയോഗിക്കാതെ ആഫ്രിക്കൻ ഒച്ചിനെ തൊടരുത്
ദ്രവവും കാഷ്ഠവും പച്ചക്കറികളിൽ പറ്റിപ്പിടിക്കാൻ സാദ്ധ്യത
നന്നായി കഴുകിയും വേവിച്ചും പച്ചക്കറികൾ കഴിക്കുക
ഒച്ച് സാന്നിദ്ധ്യം കണ്ടാൽ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
''എല്ലാവർഷവും ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമാണ്. പരാതി പറഞ്ഞ് മടുത്തു. ഇവയെ നശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും ശ്രദ്ധയും അടിയന്തരമായി ഉണ്ടാകണം.
(കോടിമത നിവാസികൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |