കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തികേയ് വാജ്പയ് എന്നിവരും ഒപ്പമുണ്ടായിരുന്നു.വ്യവസായ മന്ത്രി പി. രാജീവ്, അഡ്വ. ഹാരിസ് ബീരാൻ എം.പി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡി.ജി.പി റവാഡ എ. ചന്ദ്രശേഖർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, റൂറൽ എസ്.പി എം. ഹേമലത, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണൻ തുടങ്ങിയവരും സ്വീകരിക്കാൻ എത്തിയിരുന്നു.
തുടർന്ന് ഹെലികോപ്ടറിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് റോഡ് മാർഗം താമസസ്ഥലമായ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലെത്തി. ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഇന്ന് രാവിലെ 7.40ന് നാവിക ആസ്ഥാനത്തു നിന്ന് ഹെലികോപ്ടറിൽ തിരിക്കും. രാവിലെ 8.40ന് ഗുരുവായൂർ കൃഷ്ണ കോളേജ് ഹെലിപാഡിൽ അദ്ദേഹത്തെ സ്വീകരിക്കും.
തുടർന്ന് കാറിൽ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ഒമ്പതിന് ക്ഷേത്രത്തിലേക്ക് പോകും. 10ന് തിരികെ ഹെലിപാഡിലത്തി കൊച്ചിയിലേക്ക് മടങ്ങും. അതേസമയം, ക്ഷേത്രത്തിൽ ഇന്ന് രാവിലെ എട്ടു മുതൽ 10 വരെ ദർശന നിയന്ത്രണമുണ്ടാകും. വിവാഹം, ചോറൂൺ എന്നിവ രാവിലെ ഏഴിന് മുമ്പോ 10നു ശേഷമോ നടത്തണം. വിവാഹത്തിനായി കൂടുതൽ മണ്ഡപങ്ങളൊരുക്കും. ഇന്നർറിംഗ് റോഡുകളിൽ രാവിലെ മുതൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേനടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ ആറിന് അവസാനിക്കും. കളമശേരിയിൽ തിരിച്ചെത്തുന്ന അദ്ദേഹം 10.55ന് നാഷനൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിദ്യാർത്ഥികളും അദ്ധ്യാപകരുമായി ആശയവിനിമയം നടത്തും. ഉച്ചയ്ക്ക് 12.35 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |