കൊച്ചി: വൻകിട നിർമ്മാണ പദ്ധതികൾ വീഴ്ചകളില്ലാതെ പൂർത്തിയാക്കുന്നതിനായി സിവിൽ എൻജിനിയറിംഗ് വിദഗ്ദ്ധരുടെ സംഘത്തെ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം. ദേശീയപാതയിലുണ്ടായ തകർച്ചയുൾപ്പെടെ ചൂണ്ടിക്കാട്ടി, ദ ഇന്റഗ്രേറ്റഡ് സിവിൽ എൻജിനിയേഴ്‌സ് കൗൺസിൽ (ഐ.സി.ഇ.സി) സർക്കാരിന് ശുപാർശ നൽകി.
ദേശീയപാതയിലെ തകർച്ചകൾ ചെറിയ പിഴവുകളായിരുന്നില്ലെന്ന് സ്ട്രക്ചറൽ എൻജിനിയറും ഐ.സി.ഇ.സി. സംസ്ഥാന സമിതി അംഗവുമായ ദിവ്യ ദിവാകർ സാക്ഷ്യപ്പെടുത്തുന്നു. നിർമ്മാണം ആരംഭിക്കുന്നതിനുമുമ്പ് രൂപരേഖ ശരിയായി പരിശോധിക്കപ്പെട്ടിട്ടില്ല. പ്രാരംഭ ഡിസൈൻ യോഗ്യരായ വിദഗ്ദ്ധർ തയ്യാറാക്കി, അംഗീകൃത സ്ഥാപനങ്ങൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയിരുന്നെങ്കിൽ ദേശീയപാതയിൽ അപകടം ഉണ്ടാകില്ലായിരുന്നുവെന്ന് ദിവ്യ ദിവാകർ പറയുന്നു.
പദ്ധതി പരാജയപ്പെട്ടാൽ ഉത്തരവാദിത്വം കരാറുകാരുടെയോ സൈറ്റ് എൻജിനിയറുടെയോ തലയിലാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേരളത്തിലെ ഭൂമിശാസ്ത്രം അറിയാതെ സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസികളാണ് ബഹുഭൂരിഭാഗം പദ്ധതികളുടെയും രൂപരേഖ തയ്യാറാക്കുന്നത്.
വിദഗ്ദ്ധ സിവിൽ എൻജിനിയറിംഗ് സംഘം സർക്കാരിന് കീഴിലുണ്ടെങ്കിൽ, നിർമ്മാണങ്ങൾക്ക് അംഗീകാരം നൽകുന്നതിന് മുന്നോടിയായി രൂപരേഖകൾ വിശദമായി പരിശോധിക്കാനും പോരായ്മകൾ പരിഹരിക്കാനും കഴിയും. അനുഭവസമ്പത്തുള്ളവരുടെ സേവനം ഉപയോഗിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഐ.സി.ഇ.സി.യുടെ നിർദ്ദേശത്തിൽ പറയുന്നു.
നിർദ്ദേശങ്ങൾ
രൂപരേഖ വിദഗ്ദ്ധരുടെ സംഘം അവലോകനം ചെയ്യണം.
റിവ്യൂവിനും ഡിസൈനറിനും ഉത്തരവാദിത്വം ചുമത്തണം
കേരളത്തിന് പുറത്തെ ഏജൻസിയുടെ രൂപരേഖയ്ക്ക് പരിശോധന നിർബന്ധമാക്കണം
വിരമിച്ച എൻജിനിയർമാരുടെ സേവനം പ്രയോജനപ്പെടുത്തണം
പ്രതിമാസമോ മൂന്ന് മാസം കൂടുമ്പോഴോ യോഗം ചേരണം
എൻ.എച്ച് 66ലെ തകർച്ച: മണ്ണ് പരിശോധനയിൽ വീഴ്ച
ദേശീയപാതയിലുണ്ടായ തകർച്ചയ്ക്ക് കാരണം പ്രദേശത്തെ മണ്ണ് പരിശോധനയിലുണ്ടായ വീഴ്ചയാണെന്ന് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം മുൻ പ്രൊഫസർ ഡോ. കെ. ബാലൻ. പദ്ധതി പ്രദേശത്ത് വിവിധയിടങ്ങളിൽനിന്ന് മണ്ണ് പരിശോധിക്കേണ്ടിയിരുന്നുവെന്നും എന്നാൽ എൻ.എച്ച് 66ന്റെ നിർമ്മാണത്തിൽ ഒരിടത്ത് മാത്രമായി മണ്ണ് പരിശോധന ഒതുക്കി.
വൻതോതിൽ മണ്ണടിച്ച് ഉയർത്തുമ്പോൾ അടിത്തട്ടിന് അത് താങ്ങാനുള്ള ശേഷിയുണ്ടോയെന്ന് ഉറപ്പാക്കണം. ഈ പാളിച്ചയാണ് ദേശീയപാതയിലെ തകർച്ചയ്ക്ക് വഴിവച്ചതെന്നും ഡോ. കെ. ബാലൻ പറഞ്ഞു.
ജോഷിമഠിലെ അപകടത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗിലെ രണ്ടുപേർ ഉൾപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാരിനും സമാനമായ ഒരു വിദഗ്ദ്ധ പാനൽ രൂപീകരിക്കാം
ഡോ. അനിൽ ജോസ്
ചെയർമാൻ
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |