ബാലരാമപുരം: കഴിഞ്ഞ ഒരു മാസത്തോളമായി ബാലരാമപുരം കാട്ടാക്കട റോഡിൽ തുടരുന്ന മാലിന്യപ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായെങ്കിലും ഓടയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. ബാലരാമപുരം ജംഗ്ഷൻ മുതൽ കാട്ടാക്കട റോഡിൽ കനറാ ബാങ്കിന് മുൻവശം വരെ ഓടപൊട്ടിപ്പൊളിഞ്ഞ് മലീനസമായ നിലയിലാണ്. മലിനജലം ഓടയിൽ കെട്ടിനിൽക്കുന്നത് വീണ്ടും പകർച്ചവ്യാധിഭീഷണി ഉയർത്തുന്നു. വാഹനം കടന്നുപോകുമ്പോൾ മലിനജലം യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നതും ദുരിതക്കാഴ്ചയാണ്. വാഹനബാഹുല്യം കാരണം കാട്ടാക്കട റോഡിൽ പീക്ക് അവറുകളിൽ സ്കൂൾ വാഹനങ്ങളുൾപ്പെടെയുള്ളവയുടെ തിരക്ക് വർദ്ധിക്കുകയാണ്. ചുരുക്കത്തിൽ കാട്ടാക്കട റോഡ് ശ്വാസംമുട്ടിക്കൊണ്ടിരിക്കുന്നു എന്നുപറയാം. മരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും ഓടയിലെ സ്ലാബുകൾ പഴയ രീതിയിൽ ക്രമീകരിക്കാനോ വെള്ളക്കെട്ട് ഒഴിവാക്കാനോ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലം റോഡും തകർച്ച നേരിടുകയാണ്. വാഹനങ്ങൾക്ക് എതിർദിശയിലേക്ക് പോകാൻ കഴിയാത്തവിധം കുഴികൾ രൂപപ്പെടുന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. കാട്ടാക്കട റോഡിലെ മാലിന്യപ്രതിസന്ധിക്കെതിരെ ബി.ജെ.പി എസ്.ഡി.പി.ഐ നേതൃത്വം ഫ്ലക്സുകൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.
ഓടയിലെ വെള്ളം റോഡിൽ
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കാട്ടാക്കട റോഡിൽ ഓടയിലെ മലിനജലം റോഡിലൂടെയാണ് ഒഴുകിയത്. ഓടയിൽ നിന്നും മലിനജലം ഒഴുക്കിവിടാൻ കഴിയാത്തവിധം ഓട മണ്ണുകൊണ്ട് മൂടിയിരിക്കുകയാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെയാണ് ഓടകൾ തകർന്നത്. മഴ തുടർച്ചയായി പെയ്യുന്നതിനാൽ പണികളും നിറുത്തിവച്ചിരിക്കുകയാണ്. ഇനിയും നിരവധി കെട്ടിടങ്ങൾ കാട്ടാക്കട റോഡിൽ പൊളിച്ചുമാറ്റാനുണ്ട്.
അടിയന്തര നടപടി വേണം
കാട്ടാക്കട റോഡിലെ മാലിന്യപ്രശ്നം സംബന്ധിച്ച് കേരളകൗമുദി വാർത്തകൾ നൽകിയതിനെത്തുടർന്ന് ഓട വൃത്തിയാക്കാൻ നടപടി സ്വീകരിച്ചിരുന്നു. പഞ്ചായത്തോ മരാമത്ത് അധികൃതരോ താത്കാലിക ഫണ്ട് അനുവദിച്ച് കാട്ടാക്കട റോഡിലെ മാലിന്യപ്രതിസന്ധിക്കും ഓടയിൽ സ്ലാബുകൾ ക്രമീകരിക്കുന്നതിനുമുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |