ചിറ്റൂർ: കള്ളിൽ ചുമ മരുന്നിന്റെ അംശം കണ്ടെത്തിയ ചിറ്റൂർ റേഞ്ചിലെ ആറാം ഗ്രൂപ്പിൽ ഉൾപ്പെട്ട അഞ്ച് ഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കി. ഷാപ്പുകൾ അടച്ചിടാൻ സംസ്ഥാന എക്‌സൈസ് കമ്മിഷണർ ഉത്തരവിട്ടു. ആറാം ഗ്രൂപ്പ് ഷാപ്പുകളുടെ ലൈസൻസി കുട്ടനാട് കൈനകരി വില്ലേജിൽ സുജാതയുടെ ലൈസൻസ് ആണ് കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കുന്നത്. ആറാം ഗ്രൂപ്പിൽ ഉൾപ്പെട്ട നാവുക്കോട്, മോളക്കാട്, പട്ടഞ്ചേരി, ചേന്തോണി, പ്ലാച്ചിമട തുടങ്ങിയ ഷാപ്പുകൾ എക്‌സൈസ് ഉദ്യോഗസ്ഥർ അടപ്പിച്ചു.
2024 ജൂലായ് 26ന് നാവുക്കോട് ഷാപ്പിൽ നിന്ന് ശേഖരിച്ച കള്ളിന്റെ സാമ്പിളിൽ ആണ് ചുമമരുന്നായ ബനാഡ്രിലിന്റെ അംശം കലർന്നിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസി സുജാതയ്ക്കും ഷാപ്പിലെ വില്പനക്കാരൻ പട്ടഞ്ചേരി സ്വദേശി രാമകൃഷ്ണനും എതിരെ എക്‌സൈസ് കേസെടുത്തിരുന്നു. തുടർന്ന് ചിറ്റൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബാലഗോപാലൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2024 ജൂൺ 24ന് ചിറ്റൂർ റേഞ്ചിലെ വിവിധ ഷാപ്പുകളിൽനിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഈ വർഷം മാർച്ച് 18ന് പുറത്തുവന്നപ്പോൾ ഗ്രൂപ്പ് ആറിൽ ഉൾപ്പെട്ട മോളക്കാട് ഷാപ്പടക്കം 15 ഇടത്ത് കള്ളിൽ ചുമമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അന്നും എക്‌സൈസ് വകുപ്പ് ലൈസൻസ് റദ്ദാക്കുകയും ഷാപ്പുകൾ പൂട്ടിയിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. പിന്നീട് എക്‌സൈസ് വകുപ്പിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടത്തിപ്പിനായി ആവശ്യപ്പെട്ട് വന്നവർക്ക് പൂട്ടിയിട്ടിരുന്ന ഷാപ്പുകൾ കൈമാറുകയും തുറന്നു പ്രവർത്തിപ്പിക്കുകയുമാണുണ്ടായത്. പൂട്ടിയിട്ട ഷാപ്പുകൾ ഡി.എമ്മിന് നൽകിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. ഡി.എമ്മിന് നൽകുമ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസിനു മുമ്പിൽ നോട്ടീസ് പ്രസിദ്ധപ്പെടുത്തണം. അതനുസരിച്ച് ആർക്കും ഷാപ്പ് നടത്തിപ്പിനായി അപേക്ഷ നൽകാം. എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ തങ്ങളുടെ വിവേചനാധികാരത്തിന്റെ പേരിൽ ഭരണസ്വാധീനത്തിന്റെ മറവിൽ മുൻ നടത്തിപ്പുകാർക്കൊ അവരുടെ വേണ്ടപ്പെട്ടവർക്കൊ തന്നെ ഷാപ്പുകൾ ഡി എം ന് അനുവദിച്ചുവെന്നതാണ് പരാതികൾക്ക് ഇടയായത്.
ലൈസൻസ് റദ്ദ് ചെയ്യപ്പെടുന്നവർക്ക് പിന്നീട് ലൈസൻസ് ലഭിക്കുന്ന സാഹചര്യമുണ്ടാവില്ല. എന്നാൽ ചിറ്റൂർ റേഞ്ചിനു കീഴിലെ ഷാപ്പുകൾ കൂടുതലായും അടഞ്ഞു കിടന്നാൽ പ്രദേശത്ത് വിഷമദ്യദുരന്തം ഉണ്ടാകുമെന്ന സാധ്യതകൂടി കണക്കിലെടുത്താണ് ഷാപ്പുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചതെന്നാണ് എക്‌സൈസ് അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |