ലോട്ടറി അടിക്കണമെങ്കിൽ ഇങ്ങനെ അടിക്കണം. കേരള ഭാഗ്യക്കുറി പോലെ ഒരു കോടിയോ25 കോടിയോ അമ്പത് കോടിയോ അല്ല ഭാഗ്യവാന് ലോട്ടറി അടിച്ചിരിക്കുന്നത്. സമ്മാനത്തുക കേട്ട് ഭാഗ്യവാന് ഹാർട്ട് അറ്റാക്കുണ്ടാകാതിരുന്നാൽ രക്ഷപ്പെട്ടു. ഐറിഷ് നാഷണൽ ലോട്ടറി നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായി 2000 കോടി രൂപ നേടിയ ടിക്കറ്റുള്ളത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. 208 മില്യൺ പൗണ്ട് അഥവാ 2120 കോടിയാണ് സമ്മാനമായി ലഭിക്കുന്നത്. എന്നാൽ അതിശയകരമെന്നു പറയട്ടെ, നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ഭാഗ്യവാനെ ഇതു വരെ കണ്ടെത്തിയിട്ടില്ല. ഇതോടെ ഐറിഷ് നാഷണൽ ലോട്ടറി സി.ഇ.ഒ പൊതു ജനങ്ങളോട് അഭ്യർത്ഥനയുമായി രംഗത്തെത്തി. നിങ്ങളുടെ കൈയിലുള്ള യൂറോ മില്യൺസ് ടിക്കറ്റുകൾ ശ്രദ്ധാപൂർവം പരിശോധിക്കാനാണ് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നത്.
സമ്മാനത്തുക ലഭിക്കുന്നയാൾ ഒറ്റരാത്രി കൊണ്ട് ഫുട്ബാൾ താരം ഹാരി കെയ്ൻ (115 മില്യൺ പൗണ്ട്), പോപ്പ് താരം ദുവ ലിപ (110 മില്യൺ പൗണ്ട്) എന്നീ സെലിബ്രിറ്റികളെക്കാളും ആസ്തിയുള്ള ആളായി മാറും എന്നാണ് തദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം അയർലണ്ടിന്റെ 18ാമത്തെ യൂറോ മില്യൺസ് ജാക്ക്പോട്ട് വിജയിയായിരിക്കും സമ്മാനം ലഭിക്കുന്നവർ. ഇതു വരെ നൽകിയ സമ്മാനത്തുകയിൽ ഏറ്റവും വലുതുമാണിത്. വിജയം നേടിയ ടിക്കറ്റ് കൈയിലുള്ളവർ ടിക്കറ്റിന് പിന്നിൽ പേരെഴുതി സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ലോട്ടറി ഹെഡ് ക്വാർട്ടേഴ്‌സുമായി ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. അതേസമയം ലോട്ടറി വിറ്റ ഏജൻസിയെ കണ്ടെത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |