ബാലരാമപുരം: കോട്ടുകാൽക്കോണത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവെടുപ്പ് നടത്താൻ അന്വേഷണസംഘം. പ്രതി ഹരികുമാറിനെ അടുത്തിടെ റൂറൽ എസ്.പി ജയിലിൽ സന്ദർശിച്ചപ്പോൾ മൊഴിമാറ്റിയതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയത് താനല്ലെന്നും സഹോദരി ശ്രീതുവാണെന്നുമാണ് ഹരികുമാർ പറഞ്ഞത്. തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി കഴിഞ്ഞ ദിവസം ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ നുണ പരിശോധന നടത്താൻ കോടതിയിൽ നിന്ന് അനുമതി തേടുകയായിരുന്നു. പ്രതിയുടെ സമ്മതം കൂടി പരിഗണിച്ച ശേഷമായിരിക്കും തുടർ നടപടി.
പ്രതികൾ മൊഴിമാറ്റുന്ന സാഹചര്യത്തിൽ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയമായുള്ള തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. കുറ്റകൃത്യം നടത്തിയതിന്റെ കൂടുതൽ സാദ്ധ്യതകളാണ് പൊലീസ് തേടുന്നത്. ശക്തമായ തെളിവുകൾ ഉൾപ്പെടുത്തി വൈകാതെ കുറ്റപത്രം സമർപ്പിക്കും.
അടിമുടി ദുരൂഹത
ശ്രീതുവിന്റെയും ഹരികുമാറിന്റെയും വൈരുദ്ധ്യമൊഴികൾ കേസിന്റെ പ്രാഥമികഘട്ടത്തിൽ തന്നെ പൊലീസിനെ കുഴപ്പിച്ചിരുന്നു. കൊലപാതകത്തിന് മുമ്പ് ഹരികുമാർ നടത്തിയ ഫോൺ സംഭാഷണം,മുറിക്കുള്ളിൽ തീയിട്ടത്, വിറകുപുരയ്‌ക്ക് സമീപം കയർകെട്ടിത്തൂക്കിയത് എന്നിവ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ പൊലീസുകാരൻ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് ശ്രീതു രംഗത്തെത്തിയതും ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ജോത്സ്യൻ ശംഖുംമുഖം ദേവീദാസനെ ബാലരാമപുരം സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും കൊലപാതകത്തിൽ പ്രഥമദൃഷ്ട്യ പങ്കില്ലെന്ന് കണ്ടെത്തിയതിനാൽ ചോദ്യംചെയ്‌ത് വിട്ടയയ്‌ക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പിലും
അന്വേഷണം നിലച്ചു
ശ്രീതുവിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ തുടക്കത്തിൽ അന്വേഷണം നടന്നെങ്കിലും പരാതിക്കാർ പിൻവലിഞ്ഞതോടെ മരവിച്ച മട്ടാണ്. ദേവസ്വം ബോർഡിൽ ഡ്രൈവർ തസ്തികയിൽ ജോലിവാഗ്ദാനം ചെയ്ത് അന്തിയൂർ സ്വദേശി ഷിജുവിൽ നിന്ന് പത്തുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ശ്രീതു അറസ്റ്റിലായിരുന്നു. നിരവധി പേർ ശ്രീതുവിന് സാമ്പത്തിക സഹായം നൽകിയെങ്കിലും കേസിൽ പ്രതിയാകുമെന്ന് ഭയന്നാണ് ഇവർ രംഗത്ത് വരാത്തതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പനയറക്കുന്നിലെ സ്വകാര്യ ഫിനാൻസ് ഉടമയെ സ്റ്റേഷനിൽ വിളിപ്പിച്ച് തെളിവെടുത്തിരുന്നു. ശ്രീതു പല തവണയായി സ്വർണം പണയം വയ്ക്കാനെത്തിയത് ഇവിടെയായിരുന്നു. ഇനിയും 80,000 രൂപയുടെ സ്വർണം ഫിനാൻസിലുണ്ടെന്നാണ് ഉടമ പൊലീസിന് നൽകിയ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |